തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിച്ചു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എംഡിയായിരുന്ന ഡോ. അദീല അബ്ദുള്ളയെ മാറ്റി ദിവ്യഎസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു.
ഡല്‍ഹി കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ ആയിരുന്ന സൗരബ് ജയിനിനെ തൊഴില്‍ നൈപുണ്യവകുപ്പ് സെക്രട്ടറിയാക്കി മാറ്റി നിയമിച്ചു. ഈ വകുപ്പിലെ സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറാക്കി. ഭക്ഷ്യപൊതുവിതരണ സെക്രട്ടറിയുടെ അധികചുമതലയും അജിത് കുമാര്‍ വഹിക്കും. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍കുമാര്‍ മീണയെ കേരള ഹൗസിലെ അഡീഷണല്‍ റെസിഡന്റ് കമ്മീഷണറാക്കി.
ആലപ്പുഴ കളക്ടര്‍ ആയിരുന്ന ഹരിത വി. കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറാക്കി. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായ എന്‍.ദേവിദാസനെ കൊല്ലം കളക്ടറാക്കി.മലപ്പുറം ജില്ലാ കളക്ടര്‍ ആയിരുന്ന പ്രേംകുമാര്‍ വി.ആറിനെ പഞ്ചായത്ത് ഡയറക്ടറാക്കി. കൊല്ലം കളക്ടറായിരുന്ന അഫ്‌സാന പര്‍വേഷ് ആണ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍. ഈ സ്ഥാനം വഹിച്ചിരുന്ന വിനോദ് വി.ആറിനെ മലപ്പുറം ജില്ലാ കളക്ടറാക്കി.