പീരുമേട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാമ്പനാർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അദ്ദേഹത്തിന്റെ ജനകീയ പ്രവർത്തനങ്ങളും രാഷ്ട്രീയ സംഭാവനകളും അനുസ്മരിച്ചു.
മണ്ഡലം പ്രസിഡന്റ് കെ. രാജൻ അധ്യക്ഷത വഹിച്ചു. ജനങ്ങളോട് എന്നും ചേർന്നുനിന്ന് പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ സേവനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങ് കെ.പി.സി.സി അംഗം ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് പരിഹാരം കണ്ടെത്താൻ നിരന്തരം പരിശ്രമിച്ച ജനനായകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് പഞ്ചായത്തംഗങ്ങളായ അനിഷ്, അനുപ്, സെൽവി മേരി, പവിത്ര മനോ, ശേഖരൻ, ധനലക്ഷ്മി ,
കോൺഗ്രസ് നേതാക്കളായ യേശുദാസ്, കുര്യൻ, രാജേന്ദ്രൻ, സെയ്തലവി, ജി. മഹേന്ദ്രൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. വിവിധ ബൂത്ത് കമ്മിറ്റി ഭാരവാഹികൾ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ, പാർട്ടി അനുഭാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പീരുമേട് മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
