ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആർഒ. ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1437 കിലോ മീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകം സഞ്ചരിക്കുന്നത്. ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയിൽ ഇനി രണ്ട് ഘട്ടംകൂടിയാണ് ബാക്കി. 14ന് രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്നാം ഘട്ടം നടത്തുക. തുടർന്ന് 16നു നാലാം ഘട്ടം നടക്കുന്നതോടെ ചന്ദ്രനിൽനിന്ന് 100 കിലോ മീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകമെത്തും.
ഓഗസ്റ്റ് 17ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിൽനിന്ന് വേർപെടുന്നതോടെ ലാന്‍ഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ഓഗസ്റ്റ് 23ന് വൈകീട്ട് 5.40നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡിങ് പ്രതിസന്ധികള്‍ ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.