ടെസ്റ്റ് ടീമിൽ തിരിച്ചെത്താമെന്ന സൂര്യകുമാർ യാദവിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി പരിക്ക്.
ബുച്ചി ബാബു ക്രിക്കറ്റിൽ തമിഴ്നാട് ഇലവനെതിരെ മുംബൈക്കായി ഇറങ്ങിയ സൂര്യകുമാർ യാദവിന് ഫീൽഡിംഗിനിടെ കൈവിരലിന് പരിക്കേറ്റു. കോയമ്പത്തൂരിൽ നടക്കുന്ന മത്സരത്തിൽ ലെഗ് സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെ പ്രദോഷ് രഞ്ജൻ പോളിന്റെ ഷോട്ട് തടുക്കാൻ ശ്രമിക്കവെയാണ് സൂര്യകുമാർ യാദവിന്റെ വിരലുകൾക്ക് പരിക്കേറ്റത്.
വേദനകൊണ്ട് പുളഞ്ഞ സൂര്യക്ക് മുംബൈയുടെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയെങ്കിലും വേദന മാറാത്തതിനെത്തുടർന്ന് താരം ഗ്രൗണ്ട് വിട്ടു. ഇതോടെ സെപ്തംബർ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂർണമെന്റിൽ സൂര്യകുമാർ കളിക്കുന്ന കാര്യം സംശയത്തിലായി. ദുലീപ് ട്രോഫിയിൽ കളിച്ച് ടെസ്റ്റ് ടീമിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലായിരുന്നു സൂര്യകുമാർ യാദവ്.
തമിഴ്നാട് ഇലവനെതിരെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ മത്സരത്തിൽ ബാക് ഫൂട്ടിലായിരിക്കെയാണ് സൂര്യകുമാർ യാദവ് പരിക്കേറ്റ് മടങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഇലവൻ ഒന്നാം ഇന്നിംഗ്സിൽ 379 റൺസടിച്ചപ്പോൾ സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും സർഫറാസ് ഖാനും മുഷീർ ഖാനും എല്ലാം അടങ്ങിയ മുംബൈ ബാറ്റിംഗ് നിര 156 റൺസിന് പുറത്തായിരുന്നു. നല്ല തുടക്കം ലഭിച്ച സൂര്യകുമാർ യാദവ് 30 റൺസെടുത്ത് പുറത്തായപ്പോൾ സർഫറാസ് ഖാൻ ആറും ശ്രേയസ് അയ്യർ രണ്ടും റൺസെടുത്ത് മടങ്ങി.