ആലപ്പുഴയിൽ പേ വിഷബാധയേറ്റ് മരിച്ച ഒൻപതു വയസുകാരൻ്റെ സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടന്നു. പ്രദേശത്ത് രൂക്ഷമായ തെരുവ്നായ ശല്യത്തെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർക്ക് പറഞ്ഞു.
ചാരുംമൂട് സ്വദേശിയായ സാവൻ ബി.കൃഷ്ണനെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ചികിൽസയിലിരിക്കേ ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു. രണ്ടുമാസം മുൻപ് വീടിന് സമീപം സൈക്കിൾ ചവിട്ടുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്
തെരുവുനായ ആക്രമിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. കാര്യമായ മുറിവുകളോ പാടുകളോ ഇല്ലാതിരുന്നതിനാൽ വീട്ടുകാർക്കും തിരിച്ചറിയാൻ സാധിച്ചില്ല. പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമാണ്. മിക്ക ദിവസങ്ങളിലും ആളുകളെ ആക്രമിക്കാറുണ്ട്. പേ വിഷബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു തുടങ്ങിയിട്ടുണ്ട്.