കോതമംഗലം: കീരംപാറ ഇടവക പിതൃവേദിയുടെ നേതൃത്വത്തിൽ ലോക പിതൃദിന ആചരണം നടത്തി. കീരംപാറ ഇടവകയിൽ വച്ചു നടത്തിയ പിതൃദിനാഘോഷം വികാരി ഫാദർ മാത്യു കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പിതാക്കൻമാരാണ് കുടുംബത്തിൻ്റെ നട്ടെല്ലെന്നും സഭക്കും സമൂഹത്തിനും പിതാക്കൻമാർ നൽകിയിട്ടുള്ള സംഭാവനകളെ പ്രത്യേകം അനുസ്മരിക്കേണ്ട ദിവസമാണ് ഇന്ന് എന്നും അദ്ദേഹം പറഞ്ഞു. പിതൃവേദി പ്രസിഡൻറ് ജിജി പുളിക്കൽ അധ്യക്ഷത വഹിച്ചു. തലമുറകൾ അറിയപ്പെടുന്നത് പിതാക്കന്മാരുടെ പേരിലാണെന്നും അതിൽ നമുക്ക് അഭിമാനം കൊള്ളാമെന്നും അദ്ദേഹം തൻറെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ദിവ്യബലിയോട് അനുബന്ധിച്ച് 65 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പിതാക്കന്മാരെയും പൂച്ചെണ്ടു നൽകി വികാരി ആദരിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ജോണിച്ചൻ തെങ്ങുംപറമ്പിൽ, ജോമറ്റ് ജോയി ,സാബി വാട്ട പ്പിള്ളിൽ , ഷിജോ ചേറായിൽ, ജോൺസൺ കറുകപ്പിള്ളിൽ, ജോസ് കച്ചറയിൽ, മൈക്കിൾ തെക്കേകൂടി , ഷോജി കണ്ണമ്പുഴ, ജോർഡി മനയാനിപ്പുറം, ജെയിംസ് തെക്കേക്കര , സൈൻ എടത്തല , ജോയ് പള്ളിക്കപറമ്പിൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വച്ച് മുതിർന്ന പിതാക്കന്മാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.തുടർന്ന് സ്നേഹവിരുന്നും ഫോട്ടോ സെക്ഷനും ഉണ്ടായിരുന്നു.