എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കി. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാരും, സി.എസ് സുധയുമാണ് ബെഞ്ചിലുള്ളത്.
ഇന്ന് രാവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നറിയിച്ചത്. ഇതിൽ ഒരു വനിതാ ജഡ്ജുമുണ്ടാവുമെന്ന് പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി രജിസ്ട്രാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 14 പ്രമുഖരാണ് പീഡനക്കേസിൽ പ്രതികളായത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണമടക്കമാവശ്യപ്പെട്ട് നാല് ഹരജികൾ ഹൈക്കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഇതിൽ പായ്ക്കര നവാസ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചത്.