തിരുവനന്തപുരം: കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ശശി തരൂരിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. തരൂർ നിർബന്ധമായും പങ്കെടുക്കണമെന്നാണ് കെ സുധാകരൻ ആവശ്യപ്പെട്ടിട്ടുള്ളത്.
ലീഗ് റാലിയിൽ വിവാദ പരാമർശം നടത്തിയ ശശി തരൂർ കോൺഗ്രസ്സിൻറെ റാലിയിൽ പങ്കെടുക്കുമോയെന്ന സംശയങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ പങ്കെടുക്കുമെന്ന തീരുമാനം വന്നിരിക്കുന്നത്. കെ സുധാകരൻ നേടിട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ, നാളെ വൈകിട്ട് കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ തരൂർ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. നാളെ വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്.റാലിയിൽ ശശി തരൂർ പങ്കെടുക്കില്ലെന്ന വാർത്തകൾ വന്നിരുന്നു. നേരത്തെ ഡിസിസി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ ശശി തരൂരിൻ്റെ പേര് ഉണ്ടായിരുന്നില്ല. പാർട്ടി ക്ഷണിച്ചാൽ വരും എന്നായിരുന്നു ശശി തരൂരിൻ്റെ മുൻ നിലപാട്.