സംവിധായകൻ രഞ്ജിത്തിനെതിരെ യുവാവിന്റെ ലൈംഗികാതിക്രമണ പരാതി

Kerala

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമണം നടത്തി എന്ന പരാതിയുമായി യുവാവ്. കോഴിക്കോട് സ്വദേശിയായ വ്യക്തിയുടേതാണ് പരാതി. 2012ൽ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് യുവാവ്. കോഴിക്കോട്ട് മമ്മൂട്ടി നായകനാകുന്ന ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകൻ രഞ്ജിത്തിനെ കണ്ടതെന്ന് പരാതിക്കാരൻ പറഞ്ഞു.

ഷൂട്ടിംഗ് കാണാൻ സെറ്റിൽ എത്തിയ യുവാവ് രഞ്ജിത്തിനെ കണ്ടു. അഭിനയത്തോടുള്ള താൽപര്യം അറിയിച്ചതും രഞ്ജിത്ത് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ എഴുതി നൽകി. ഫോൺ വിളിക്കാതെ മെസ്സേജ് ചെയ്യാൻ നിർദ്ദേശിച്ചു. രഞ്‌ജിത്തിന് മെസേജ് അയച്ചതിന് ശേഷം ബംഗളൂരുവിൽ വച്ച് കാണണം എന്നായി നിർദേശം. ഹോട്ടലിൽ എത്തിയപ്പോൾ സന്ദർശക സമയം കഴിഞ്ഞെന്ന് റിസപ്ഷനിസ്റ്റ് അറിയിച്ചു. താൻ ഇക്കാര്യം രഞ്ജിത്തിനോട് പറഞ്ഞതായും, തുടർന്ന് പിൻവാതിലിലൂടെ മുറിയിലേക്ക് കടക്കാൻ നിർദ്ദേശിച്ചതായും ഇയാൾ പറഞ്ഞു.

രഞ്ജിത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നു. രഞ്ജിത്ത് യുവാവിനും മദ്യം വാഗ്‌ദാനം ചെയ്തു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് സ്വീകരിക്കുകയായിരുന്നു. അതിന് ശേഷം രഞ്ജിത്തിൻ്റെ സ്വഭാവം മാറിയെന്നും, തന്നെ വിവസ്ത്രനായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സംവിധായകൻ തന്നോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടുവെന്നും, കാജൽ ധരിക്കാൻ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരൻ പറയുന്നു.

രഞ്ജിത്ത് തന്നോട് എന്താണ് ചെയ്തതെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് പരാതിക്കാരൻ. എന്നാൽ രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഇയാൾ വ്യക്‌തമാക്കി. പോലീസിനോട് ഇക്കാര്യങ്ങൾ താൻ വെളിപ്പെടുത്തും. അതേ ഹോട്ടലിൽ താമസിച്ചിരുന്ന തൻ്റെ ‘നടി’യായ കാമുകിയെ കാണിക്കണമെന്ന് പറഞ്ഞാണ് രഞ്ജിത്ത് തൻ്റെ നഗ്നചിത്രങ്ങൾ എടുത്തതെന്നും ഇയാൾ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *