റബറിന്റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം പരിഗണനയിലില്ല; കേന്ദ്ര വാണിജ്യ സഹമന്ത്രി

Breaking National

ന്യൂഡൽഹി: റബറിന്റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ. ഇടുക്കിയിൽനിന്നുള്ള എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ഡ്യൂട്ടി 20ൽ നിന്ന് 30 ശതമാനം ആക്കി ഉയർത്തിയതായും മന്ത്രി അറിയിച്ചു.
ഇറക്കുമതി ചെയ്ത റബർ ആറു മാസത്തിനുള്ളിൽ തന്നെ ഉപയോഗിക്കണമെന്നും കോംപൗണ്ട് റബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10ൽ നിന്നും 25 ശതമാനം ആക്കിയതായും മന്ത്രി പറഞ്ഞു. നിലവിൽ ചെന്നൈയിലും മുംബൈയിലും മാത്രമാണ് റബർ ഇറക്കുമതി ചെയ്യാൻ ഉള്ള അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ റബർ കർഷകർക്കായി അഭ്യർഥിച്ച സാമ്പത്തിക സഹായത്തെക്കുറിച്ചു പരാമർശിച്ച മന്ത്രി റബർ കർഷകർക്കായി സബ്‌സിഡികളും റബർ ടാപ്പിങ്ങിനും ലാടെക്സ് നിർമാണത്തിനുമായി പരിശീലന പരിപാടികളും റബർ ബോർഡ് വഴി ലഭ്യമാക്കുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *