കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതി സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. പ്രതികളുടെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയും സ്റ്റേ ചെയ്തു. കോടതിയലക്ഷ്യ കേസിലെ അപ്പീലില്‍ ഡിവിഷന് ബെഞ്ച് വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതി ഇതില്‍ വിശദമായ വാദം കേട്ടിരുന്നു.
സിംഗിള്‍ ബെഞ്ച് വിധിയിലെ നിയമപ്രശ്നം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ബന്ധപ്രകാരമാണ് പ്രൊസിക്യൂഷന് അനുമതിയെന്നായിരുന്നു പ്രതികളുടെ വാദം. കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് വേണ്ടി കോടതിക്ക് സര്‍ക്കാരിനോട് നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്നാണ് പ്രതികള്‍ ചൂണ്ടിക്കാട്ടിയത്. പ്രതികളുടെ വാദം കേള്‍ക്കാതെയാണ് പ്രോസിക്യൂഷന് അനുമതിക്ക് തീരുമാനമെടുത്തതെന്ന വാദവും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. പിന്നാലെയാണ് ഹൈക്കോടതി പ്രതികളുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്. അടുത്ത വിധി വരുന്നത് വരെയാണ് ഹൈക്കോടി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്.
