നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

Breaking Kerala

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനി ജൂലിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പത്ത് ദിവസം മുൻപ് വീടിന് സമീപം കുഴിച്ചിട്ട മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിച്ച് പുറത്തേക്കിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഈ കഴിഞ്ഞ പതിനെട്ടാം തിയതിയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തെരുവുനായകൾ കടിച്ചു വലിക്കുന്ന നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കടപ്പുറത്ത് നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മ ജൂലി അറസ്റ്റിലായത്. അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഉപേക്ഷിച്ചു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതോടെ സമീപത്തെ ആശുപത്രികൾ കേന്ദ്രീകരിച്ച് പൊലീസ് സമീപകാലത്തെ പ്രസവങ്ങൾ അന്വേഷിച്ചിരുന്നു. ജൂലിയെ നേരത്തെ തന്നെ സംശയിച്ചിരുന്ന പൊലീസ് പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതിൽ സമീപകാലത്ത് ഇവർ പ്രസവിച്ചതായി കണ്ടെത്തി. എന്നാൽ, കുഞ്ഞെവിടെ എന്ന ചോദ്യത്തിന് ജൂലിക്ക് മറുപടിയുണ്ടായില്ല.

ഇതോടെ, കൂടുതൽ അന്വേഷണത്തിന് ശേഷം പൊലീസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. വീടിനോട് ചേർന്ന ശുചിമുറിയിൽ വെച്ച് പ്രസവിച്ച ജൂലി കുഞ്ഞിലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വീടിന് പിൻഭാഗത്ത് തന്നെ മറവ് ചെയ്യുകയും ചെയ്തു. ഇവിടെ നിന്നാണ് നായ്ക്കൾ കടിച്ചെടുത്ത് തീരത്ത് കൊണ്ടിട്ടതും നാട്ടുകാർ കണ്ടെത്തിയതുമെന്ന് പൊലീസ് പറയുന്നു. ജൂലിയുടെ ഭർത്താവ് ഒരു വർഷം മുൻപ് മത്സ്യബന്ധനത്തിനിടെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *