ആയുഷ് മേഖലയില്‍ 14.05 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

Health Kerala

ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 18ന് വൈകുന്നേരം 4 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പുതിയ ഒ.പി. കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളില്‍ ഓണ്‍ലൈനായും പങ്കെടുക്കും. ജി. സ്റ്റീഫന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം.പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

22 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും 2 ഇടങ്ങളില്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള 3 ആശുപത്രികള്‍, 9 ഡിസ്പെന്‍സറികള്‍, ഹോമിയോപ്പതി വകുപ്പിന്റെ ഒരു ആശുപത്രി, 8 ഡിസ്പെന്‍സറികള്‍, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ, കണ്ണൂര്‍ ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ 1.4 കോടി രൂപയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ നിര്‍മ്മാണവും കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ 2.6 കോടി രൂപയുടെ പുതിയ ഇ.എന്‍.ടി ബ്ലോക്കിന്റെ നിര്‍മ്മാണവുമാണ് നടക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *