മുംബൈ: ചൈനയിലെ ഹാംഗ്ചൗവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് 2023ല്‍ ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പായി. ഏഷ്യന്‍ ഗെയിംസിലെ മത്സരങ്ങള്‍ക്ക് ടി20 അന്താരാഷ്ട്ര മല്‍സര പദവി നല്‍കുകയുംജൂണ്‍ 1 വരെ ഐസിസി ടി20 റാങ്കിംഗില്‍ മേഖലയിലെ മികച്ച 4 ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് നല്‍കുകയും ചെയ്തതോടെയാണ് ഇന്ത്യയുടെ ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തിയത്. റാങ്കിംഗ് അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളും നേരിട്ട് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റ് സെപ്റ്റംബര്‍ 19 മുതല്‍ 26 വരെയും പുരുഷ ക്രിക്കറ്റ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 7 വരെയും നടക്കും. ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് ഇനത്തില്‍ 18 ടീമുകളും വനിതാ ക്രിക്കറ്റ് ഇനത്തില്‍ 14 ടീമുകളുമാണ് മത്സര രംഗത്തുള്ളത്. ഹാംഗ്ചൗവിലെ ഷെജിയാങ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ക്രിക്കറ്റ് ഫീല്‍ഡിലാണ് ഏഷ്യന്‍ ഗെയിംസിലെ മത്സരങ്ങള്‍ നടക്കുന്നത്.
സെപ്തംബര്‍ 22ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യന്‍ വനിതകള്‍ ഇറങ്ങുക. സെമിഫൈനലിന് യോഗ്യത നേടിയാല്‍ മത്സരം സെപ്തംബര്‍ 25ന് നടക്കും. സ്വര്‍ണമെഡല്‍ മത്സരവും വെങ്കല മെഡല്‍ മത്സരവും സെപ്റ്റംബര്‍ 26ന് നടക്കും. നേരത്തെ ബംഗ്ലാദേശില്‍ നടന്ന ഒരു ഏകദിനത്തിനിടെ അമ്പയര്‍മാരോട് പൊട്ടിത്തെറിച്ചതിന്റെ പേരില്‍ 2 മത്സരങ്ങളില്‍ വിലക്ക് നേരിട്ട ഹര്‍മന്‍പ്രീത് കൗറിന് ഇന്ത്യ ഫൈനലില്‍ എത്തിയാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംസില്‍ കളിക്കാനാകൂ.
ഒക്ടോബര്‍ 5 ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പ്രമുഖ താരങ്ങളെ അണിനിരത്തുന്നതിനാല്‍ രണ്ടാം നിരയുമായാണ് ഇന്ത്യന്‍ പുരുഷ ടീം കളിക്കാനിറങ്ങുക. ഋതുരാജ് ഗെയ്ക്വാദാണ് ക്യാപ്റ്റന്‍. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഫൈനലിന് യോഗ്യത നേടുകയാണെങ്കില്‍, ഒക്ടോബര്‍ 5 (ക്വാര്‍ട്ടര്‍ ഫൈനല്‍), ഒക്ടോബര്‍ 6 (സെമി ഫൈനല്‍), ഒക്ടോബര്‍ 7 (ഫൈനല്‍) എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങള്‍ കളിക്കേണ്ടി വരും.
സ്‌ക്വാഡുകള്‍
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം: യശസ്വി ജയ്സ്വാള്‍ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, തിലക് വര്‍മ്മ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, അവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ. രണ്ടാം വിക്കറ്റ് കീപ്പറായി പ്രഭ്‌സിമ്രാന്‍ സിംഗ്. യഷ് താക്കൂര്‍, സായ് കിഷോര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍ എന്നിവരാണ് സ്റ്റാന്‍ഡ്ബൈ താരങ്ങള്‍.
വനിതാ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വെസ് ക്യാപ്റ്റന്‍),ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി സര്‍വാണി, ടിറ്റാസ് സാധു, രാജേശ്വരി ഗയക്വാദ്, മിന്നു മണി, കനിക അഹൂജ, ഉമാ ചേത്രി, അനുഷ ബറെഡ്ഡി. ഹര്‍ലീന്‍ ഡിയോള്‍, കാഷ്വീ ഗൗതം, സ്നേഹ് റാണ, സൈക ഇഷാഖ്, പൂജ വസ്ത്രകര്‍ എന്നിവരാണ് സ്റ്റാന്‍ഡ്ബൈ ലിസ്റ്റിലുള്ളത്.
ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകള്‍ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിന്റെ 2010, 2014 പതിപ്പുകളില്‍ ക്രിക്കറ്റുണ്ടായിരുന്നെങ്കിലും ബിസിസിഐ ടീമുകളെ അയച്ചിരുന്നില്ല.