കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പതിനൊന്നാം ദിനത്തിൽ. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന പ്രദേശത്ത് കനത്ത മഴയും ഗംഗാവാലി നദിയിലെ അടിയൊഴുക്കുമാണ് ദൗത്യത്തിന് വെല്ലുവിളി. അടിയൊഴുക്കിൻ്റെ ശക്തി കുറഞ്ഞാൽ നാവികസേനയിലെ മുങ്ങൽ വിദഗ്ദർ നദിയിൽ മുങ്ങി ട്രക്കിന് അരികിലേക്ക് എത്താൻ ശ്രമിക്കും. അതേ സമയം ബൂം എസ്കലേറ്റേറുകൾ നദിയിലെ മണ്ണ് മാറ്റുന്ന പ്രവർത്തിയും തുടരും.
പുഴക്കടിയില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചത്. പ്രദേശത്ത് നിന്നും 12 കിലോമീറ്റര്‍ അകലെ ജുഗ എന്ന സ്ഥലത്താണ് ലോറിയിലെ തടികള്‍ കണ്ടെത്താനായത്. പിഎ1 എന്നു രേഖപ്പെടുത്തിയിട്ടുള്ള തടികള്‍ ലോറി ഉടമ മനാഫ് തിരിച്ചറിയുകയായിരുന്നു. അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ ഡൈവിങ് നടത്താനായില്ല.