64 വയസ്സുകാരിയുടെ കഴുത്തിലെ മുഴ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

Health Kerala

കൊച്ചി : തൃശൂർ സ്വദേശിനിയായ 64 കാരിയുടെ കഴുത്തിലെ 3.5 കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. തൈറോയ്ഡ് കാരണം ജന്മനാ ഉണ്ടായിരുന്ന മുഴയ്ക്ക് പ്രായമേറുംതോറും വലിപ്പം വര്‍ധിക്കുകയായിരുന്നു. ചെറു പ്രായത്തില്‍ തന്നെ ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അപ്പോഴൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല.

അസാധാരണ വലിപ്പവും ശ്വാസോച്ഛ്വാസത്തിനുള്ള പ്രയാസവും കാരണം വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ് രോഗിയെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വിശദപരിശോധനയില്‍ നാവിന്റെ അടിയില്‍ ഉണ്ടാവുന്ന ലിംഗ്വല്‍ തൈറോയ്ഡാണ് കാരണമെന്ന് കണ്ടെത്തുകയും തുടര്‍ന്ന് 4 മണിക്കൂറോളം നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യുകയുമായിരുന്നു.

ലോകത്ത് പതിനായിരത്തില്‍ ഒരാള്‍ക്കു മാത്രം കണ്ടുവരുന്ന അപൂര്‍വ തൈറോയ്ഡ് വകഭേദമാണ് ലിംഗ്വല്‍ തൈറോയ്ഡ്. പൊതുവെ സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ശ്വസിക്കാനും സംസാരിക്കാനും ഈ രോഗാവസ്ഥ മൂലം രോഗി പ്രയാസമനുഭവിച്ചിരുന്നു. സര്‍ജിക്കല്‍ എന്‍ഡോക്രൈനോളജി, ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍, അനസ്‌തേഷ്യോളജി വിഭാഗം ഡോക്ടര്‍മാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാനായത്.

സംസാരശേഷി നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഇത്തരമൊരു സാഹചര്യത്തില്‍, സമയോചിതമായി നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ സാധിച്ചതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജിക്കല്‍ എന്‍ഡോക്രൈനോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ഫെര്‍ഡിനന്റ് ജെ പറഞ്ഞു.

ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന്‍ മാത്യു, അനസ്‌തേഷ്യോളജി ഡിപ്പാര്‍ട്‌മെന്റ് ലീഡ് കണ്‍സല്‍ട്ടന്റ് ഡോ. ഡിനിറ്റ് ജോയ് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *