കൊല്ലം: ജില്ലയിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കെട്ടിടങ്ങളുടെ സുരക്ഷിതത്വം വിദ്യാഭ്യാസ വകുപ്പ് ഉറപ്പുവരുത്തണമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് പി എസ് അനുതാജ്. ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപകമായി മഴയും പ്രകൃതിദുരന്തങ്ങളും തുടരുന്ന സ്ഥിതിയാണുള്ളത്. വിദ്യാർത്ഥികൾ അവരുടെ അധികസമയവും ചിലവഴിക്കുന്നത് ക്ലാസ് റൂമുകളിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ജില്ലയിലെ മുഴുവൻ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കെട്ടിടങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും സുരക്ഷിതത്വം ഇല്ലാത്ത ഇടങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും പി എസ് അനുതാജ് ആവശ്യപ്പെട്ടു. അതോടൊപ്പം, കനത്ത മഴയെ തുടർന്ന് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കപ്പെടുന്ന അവസരങ്ങളിൽ സ്വകാര്യ ട്യൂഷൻ സെന്ററുകളും ചില കോളേജുകളും ക്ലാസുകൾ വെക്കുന്ന പ്രവണതയിലും നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.