അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ‘അതിഥി’ ആപ്പ്; പരിഗണന ദൗര്‍ബല്യമായി കാണരുതെന്ന് മന്ത്രി വി. ശിവന്‍കുട്ടി

Breaking Kerala

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ‘അതിഥി’ ആപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേയ്ക്ക് എത്തുന്ന അതിഥികള്‍ എന്ന നിലയില്‍ നല്‍കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നിലവില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കും വരവ് പോക്ക് കാര്യങ്ങളും കൃത്യമല്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷത്തി പതിനാറായിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. വ്യക്തി രേഖകള്‍ സമര്‍പ്പിച്ചാണോ ഇവര്‍ ജോലിയെടുക്കുന്നതെന്ന് വ്യക്തമല്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് 1979 ലെ കേന്ദ്ര നിയമമുണ്ട്. അതില്‍ ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അത് പൂര്‍ണമായും നാം നടപ്പിലാക്കിയിട്ടില്ല. തൊഴിലാളികളെ കൊണ്ടു വരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സ് വേണമെന്ന് അതിലുണ്ട്. എന്നാല്‍ ഇവിടെ ഇപ്പോള്‍ സംഭവിക്കുന്നത് അങ്ങനെയല്ല. ആര്‍ക്ക് വേണമെങ്കിലും ഇവിടെ വന്നിറങ്ങാം, താമസിക്കാം, ജോലി ചെയ്യാം എന്തും കാണിക്കാം എന്നിട്ട് പുറത്തുപോകാമെന്നാണെന്നാണ് സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *