സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു, ആശങ്ക

Uncategorized

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക. 89 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ. ഇന്നലെ മാത്രം 31 പേർക്കാണ് എറണാകുളത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 15 പേർക്ക് വീതവും തൃശൂരിൽ 10 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 8757 പേരാണ് പനിക്ക് ചികിത്സ തേടിയത്.

അതേസമയം ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതായി വിദഗ്ധര്‍ പറയുന്നു. അതിനാൽ ആവര്‍ത്തിച്ചുണ്ടാകുന്ന ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽ‌കുന്നു.

അതിനിടെ കഴിഞ്ഞ നാല് ദിവസമായി നിപ പോസിറ്റീവ് കേസുകൾ ഇല്ല എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെടുന്നു. ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നില തൃപ്തികരമാണ്. രോഗവ്യാപനം തടയാൻ സാധിച്ചു എന്നും മന്ത്രി പറഞ്ഞു. എങ്കിലും പൂർണമായി ആശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

994 പേർ ഐസൊലേഷനിലുണ്ട്. 11 പേർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 323 സാമ്പിൾ പരിശോധിച്ചു. ഇതിൽ 317ഉം നെഗറ്റീവാണ്. ഒന്നാം കേസിലെ ഹെെ റിസ്ക് കോൺടാക്ട് എല്ലാം പരിശോധിച്ചു. ഇൻഡക്സ് കേസ് പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ നിഗമനം കൃത്യമായിരുന്നു. ഒമ്പത് വയസ്സുള്ള കുഞ്ഞിന്റെ ഓക്സിജൻ സഹായം നീക്കിയിട്ടുണ്ട്. നന്നായി പ്രതികരിക്കുന്നുണ്ട്. എന്നാൽ ഐ.സി.യുവിൽ നിന്ന് മാറ്റിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *