എം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി

Kerala Uncategorized

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി. സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട് . സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കെഎം എബ്രഹാം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.വരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ എന്തുകൊണ്ടാണ് വൈകിയതെന്ന് സുപ്രീംകോടതി ചോദിച്ചു. എന്നാല്‍ അന്വേഷണ സമയത്ത് വിദേശത്തായിരുന്നുവെന്നാണ് കെ എം എബ്രഹാം നല്‍കിയ മറുപടി. സിബിഐ അന്വേഷണത്തിന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി അനിവാര്യമാണെന്നും കെ എം എബ്രഹാം പറഞ്ഞു. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിചിരിക്കുന്നത്.മതിയായ കാരണങ്ങളില്ലാതെ അഴിമതി നിരോധന നിയമം അനുസരിച്ചുള്ള സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് കെഎം എബ്രഹാം അപ്പീലിലൂടെ സുപ്രീംകോടതിയെ അറിയിച്ചു.സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ നിയമ നടപടി സ്വീകരിച്ചതിലുള്ള പകയാണ് പരാതിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിക്ക് കാരണം. 2009 മുതല്‍ 2015 വരെയുള്ള വരുമാനം മാത്രമാണ് വിജിലന്‍സ് പരിശോധിച്ചത്. 2000 മുതല്‍ 2009 വരെയുള്ള വരുമാനം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ശല്യക്കാരനായ വ്യവഹാരിയാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. ഈ ചരിത്രം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടി എന്നുമാണ് കെഎം എബ്രഹാമിന്റെ വാദം. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സിബിഐ കൊച്ചി യൂണിറ്റ് കെഎം എബ്രഹാമിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *