കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവർ പൊക്കുന്ന് കുറ്റിയിൽ താഴം സ്വദേശി പള്ളിക്കണ്ടി വീട്ടിൽ ഫൈജാസിനെ (33) പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ എസ്ഐ സുഭാഷ് ചന്ദ്രൻ, സിപിഒ നിഷാന്ത്, ഹോംഗാർഡ് അനീഷ് എന്നിവർ ചേർന്ന് പട്രോളിംഗ് നടത്തുന്നതിനിടയിൽ പെരുമണ്ണ ബസ് സ്റ്റാന്റെിൽ വെച്ച് കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ ഓടുന്ന ‘റോഡ് കിംഗ്’ എന്ന സിറ്റി ബസിലെ ഡ്രൈവർ സീറ്റിലിരുന്ന് പുക വലിക്കുന്നതായി കണ്ടതിനെ തുടർന്ന് ബസും ഡ്രൈവറെയും പരിശോധിക്കുകയായിരുന്നു.
ഡ്രൈവറെ പരിശോധിച്ചതിൽ ഡ്രൈവറുടെ കയ്യിൽനിന്നും പകുതി വലിച്ച കഞ്ചാവി ബീഡി കണ്ടെത്തുകയും, അസ്വാഭാവികമായി പെരുമാറിയ പ്രതിയെ ചോദ്യം ചെയ്തതിൽ കഞ്ചാവ് വലിച്ചിട്ടുള്ളതായി സമ്മതിക്കുകയായിരുന്നു. തുടർന്ന് ബസും ഡ്രൈവറെയും പന്തിരങ്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് നൽകുമെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു. പെരുമണ്ണ ബസ്സ്സ്റ്റാന്റിൽ വെച്ച് അടിപിടി കൂടിയതിന് പ്രതിയ്ക് പന്തിരങ്കാവ് പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് മൂലം അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.