ദുബൈ: യു എ ഇ യിലെ റാസല്‍ഖൈമയിലുണ്ടായ ബസ്-ട്രക്ക് അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. അപകടത്തില്‍ ഇതുവരെ 13 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
41 പേരുമായി പോയ ബസ് യന്ത്രത്തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചതായി റാസൽഖൈമ പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയിലെ തെക്കൻ മേഖലയിലുള്ള സതേൺ റിംഗ് റോഡിലെ അൽ വതൻ സ്ട്രീറ്റിൽ വെച്ചാണ് അപകടം. അപകടം നടന്ന ഉടൻ 11 പേർ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെയാണ് ആകെ മരണസംഖ്യ 13 ആയി ഉയർന്നത്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യന്‍ പൗരന്മാര് ഉള്‍പ്പെടെ നിരവധി പേരുടെ ജീവനെടുത്ത ദാരുണമായ റോഡപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോണ്‍സുലേറ്റ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പാക്കിവരികയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
റാസൽഖൈമയിൽ 13 പേരുടെ മരണത്തിനിടയാക്കിയ ബസ്-ട്രക്ക് അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും വിസ മാറ്റുന്നതിനുള്ള യാത്ര പൂർത്തിയാക്കി യു.എ.ഇയിലേക്ക് മടങ്ങുകയായിരുന്നവരെന്ന് യാത്ര സംഘടിപ്പിച്ച കമ്പനി വ്യക്തമാക്കി. വിസ പുതുക്കി പുതിയ പ്രതീക്ഷകളോടെ മടങ്ങുകയായിരുന്നവരുടെ യാത്രയാണ് ദാരുണമായ ദുരന്തത്തിൽ കലാശിച്ചത്.
റാസല്‍ഖൈമ ബസ് അപകടം: മരിച്ചവരില്‍ ഇന്ത്യക്കാരും, സ്ഥിരീകരിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്.
