കൊച്ചി: സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്തുന്നതിന് പ്രത്യേക വ്യവസ്ഥയില്ലെങ്കിലും പുതിയ മതം സ്വീകരിച്ച സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് തിരുത്താൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു.
”സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് അംഗീകരിക്കണമെങ്കിൽ പോലും, ഒരു വ്യക്തിയെ അവന്റെ ജനനം കൊണ്ട് മാത്രം ഒരു മതത്തിൽ കെട്ടിയിടാൻ അത് കാരണമല്ല. ഇഷ്ടമുള്ള ഏത് മതവും ആചരിക്കുന്നതിനും വിശ്വസിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25(1) അനുച്ഛേദം ഉറപ്പുനൽകുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരാൾ മറ്റൊരു മതം സ്വീകരിക്കുകയാണെങ്കിൽ, അവന്റെ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടിവരും”-കോടതി പറഞ്ഞു.