പാലി: റെയിൽവെ പാലത്തിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ താഴേക്ക് ചാടിയ നവദമ്പതികൾക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ പാലിയിലെ ഗോറാം ഘട്ട് പാലത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഫോട്ടോഷൂട്ടിനിടെ എതിരെ നിന്ന് ട്രെയിൻ വന്നപ്പോഴാണ് ഭാര്യയും ഭർത്താവും 90 അടി താഴ്ചയിലേക്ക് ചാടിയത്. ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചു. രാഹുൽ മേവാഡ(22) ഭാര്യ ജാൻവി(20) എന്നിവർക്കാണ് പരിക്കേറ്റത്. ട്രെയിൻ വരുന്ന സമയത്ത് ഇരുവരും വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ട്രെയിൻ അവരുടെ അടുത്തേക്ക് എത്തുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല. പെട്ടന്ന് ട്രെയിൻ വരുന്നത് കണ്ട് ഇവർ താഴേക്ക് ചാടുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ട്രെയിൻ വേഗത കുറഞ്ഞായിരുന്നു ഓടിക്കൊണ്ടിരുന്നത്. ദമ്പതികളെ കണ്ടതിനെ തുടർന്ന് ലോക്കോപൈലറ്റ് ട്രെയിൻ നിർത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ബന്ധുക്കളാണ് അപകടത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. പരിക്കേറ്റ ദമ്പതികളെ റെയില്‍വെ ഗാര്‍ഡുകളുടെ സഹായത്തോടെ കണ്ടെത്തുകയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴേക്ക് ചാടിയ ഭർത്താവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.