ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 2025 വരെ താറാവ്, കോഴി വളർത്തലിന് നിരോധനം ഏർപ്പെടുത്തിയേക്കും. ജില്ലയിൽ പുതിയ ബാച്ചുകളുടെ ഇറക്കുമതി പൂർണമായി നിരോധിച്ചു. ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കേന്ദ്ര- സംസ്ഥാന സമിതികളുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വിഷയത്തിൽ സംബന്ധിച്ച് കേന്ദ്രമൃഗസംരക്ഷണ വകുപ്പുമായി മന്ത്രി ജെ. ചിഞ്ചുറാണി ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ബാച്ചുകളുടെ ഇറക്കുമതിക്ക് ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളിലും നിരോധനമുണ്ട്. പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലും കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലുമാണ് നിയന്ത്രണമുള്ളത്.