പാലമുണ്ട്, പക്ഷേ വഴിയില്ല! അപ്രോച്ച് റോഡ് നിർമ്മാണം എങ്ങുമെത്തിയില്ല; സമരത്തിനൊരുങ്ങി ആദിവാസി മഹാസഭ

തിരുവനന്തപുരം:

പാലമുണ്ട്… പക്ഷേ പാലത്തിലേക്ക് കയറാൻ വഴിയില്ല! പാലത്തിൽ കയറാൻ ഏണി ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥ. പൊടിയക്കാലയിലെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതത്തിന്റെ നേർചിത്രമാണിത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് യാഥാർഥ്യമാകാത്തതാണ് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുന്നത്. അപ്രോച്ച് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും പദ്ധതിയുടെ നടത്തിപ്പിലെ അഴിമതിയും കാലതാമസവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി മഹാസഭ സമരത്തിനൊരുങ്ങുന്നു.

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ആവശ്യങ്ങൾക്കായി പേപ്പാറ ഡാമുമായി ബന്ധപ്പെട്ട പദ്ധതിയുടെ ഭാഗമായി ആറ്റുമൺപുറത്ത് താമസിച്ചിരുന്ന ഗോത്രവർഗക്കാരെ പൊടിയക്കാലയിലേക്ക് മാറ്റിയതായാണ് ആദിവാസി മഹാസഭ പറയുന്നത്. എന്നാൽ, സർക്കാർ നൽകിയ ഉറപ്പുകൾ അർഹമായ രീതിയിൽ നടപ്പാക്കിയില്ലെന്നാണ് സംഘടനയുടെ ആരോപണം.

വന്യമൃഗശല്യം, കൃഷിനാശം, യാത്രാപ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പ്രദേശവാസികൾ നേരിടുന്നത്. ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെയാണ് പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർത്താനുള്ള നീക്കം പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നത്. ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ പൊടിയക്കാലയിലേക്കുള്ള നിലവിലെ ഏക മൺറോഡ് വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക. അങ്ങനെ സംഭവിച്ചാൽ പ്രദേശവാസികളുടെ യാത്ര കൂടുതൽ ദുഷ്കരമാകും.

ഇതിന് പരിഹാരമായാണ് സുന്ദരിമുക്കിന് സമീപം പാലവും അപ്രോച്ച് റോഡും നിർമ്മിക്കാൻ വാട്ടർ അതോറിറ്റി പദ്ധതി തയ്യാറാക്കിയത്. എന്നാൽ, പാലത്തിന്റെ നിർമ്മാണം നടന്നിട്ടും അപ്രോച്ച് റോഡിന്റെ പണി ആരംഭിച്ചിട്ടില്ലെന്നാണ് ആദിവാസി മഹാസഭയുടെ ആരോപണം. ഇതോടെ പാലം ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ്.

പദ്ധതിയുമായി ബന്ധപ്പെട്ട് 1.39 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായും പിന്നീട് ടെൻഡർ നടപടികളും സാങ്കേതിക അനുമതിയും ഉണ്ടായതായും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതായി സംഘടന പറയുന്നു. 2023 നവംബർ 22-ന് അപ്രോച്ച് റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ആരോപണം.

2023 ജൂൺ 26-നാണ് പദ്ധതിയുടെ കരാർ ഒപ്പിട്ടതെന്നും അപ്രോച്ച് റോഡ് പൂർത്തിയാക്കുന്നതിനുള്ള സമയപരിധി കരാറിൽ വ്യക്തമാക്കിയിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു. പാലത്തിന്റെ നിർമ്മാണത്തിനായി തുക ചെലവഴിച്ചിട്ടും റോഡിന്റെ കാര്യത്തിൽ നടപടിയുണ്ടാകാത്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് ആദിവാസി മഹാസഭയുടെ നിലപാട്.

പദ്ധതിയുടെ നടത്തിപ്പിലെ കാലതാമസവും ക്രമക്കേടുകളും അന്വേഷിക്കണമെന്നും അപ്രോച്ച് റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആദിവാസി മഹാസഭയുടെ നേതൃത്വത്തിൽ നവംബർ അഞ്ചിന് ധർണ നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് വെള്ളയമ്പലം വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ഉദ്ഘാടനം ചെയ്യും. സംഘടനാ നേതാക്കളും സാമൂഹിക പ്രവർത്തകരും സമരത്തിൽ പങ്കെടുത്ത് സംസാരിക്കും.

പാലം നിർമ്മിച്ചിട്ടും അപ്രോച്ച് റോഡ് പൂർത്തിയാക്കാത്തതിലൂടെ യാത്രാദുരിതം തുടരുന്ന പൊടിയക്കാലയിലെ ജനങ്ങൾക്ക് എന്ന് ആശ്വാസമാകുമെന്നതാണ് പ്രധാന ചോദ്യം. ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതിന് മുമ്പ് യാത്രാസൗകര്യം ഉറപ്പാക്കാനും അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനും അധികൃതർ നടപടി സ്വീകരിക്കുമോയെന്നാണ് പ്രദേശവാസികൾ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *