ബാലരാമപുരം: പ്രാദേശിക മാദ്ധ്യമപ്രവർത്തകർ സമൂഹത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അഭിവാജ്യഘടകമാണെന്നും പൊതുസമൂഹത്തിൽ ജനപ്രതിനിധികൾക്ക് നായകപരിവേഷമുണ്ടെങ്കിലും അതേ സ്ഥാനം മാദ്ധ്യമങ്ങൾക്കും അവകാശപ്പെട്ടതാണെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള മീഡിയ പേഴ്സൺസ് യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസിറ്റീവ് അജണ്ടയുണ്ടാക്കി സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ മാദ്ധ്യമസമൂഹത്തിന് സാധിക്കുമെന്നും സോഷ്യൽ മീഡിയകളുടെ കടന്നുകയറ്റം പത്രമാദ്ധ്യമങ്ങളുടെ സർക്കുലേഷന്‍ സാരമായി ബാധിക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പാപ്പനംകോട് മുന്ന അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, എം.ആർ.ബൈജു, രമ്യഹരിദാസ്, സുധീർഷാ പാലോട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീയദർശിനി, നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്യൂ. ആർ ഹീബ എന്നിവരെ കെ.എം.പിയു സംസ്ഥാന ജനറൽ സെക്രട്ടറി വി.സെയ്യദ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കെ.എം.പി.യു എൻ.ജി.ഒ ജനറൽ കൺവീനർ സുവീഷ് ബാബു പ്രവർത്തക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ഹർഷകുമാർ, ജില്ലാ രക്ഷാധികാരി എ.ജെ.ഷഹാർ, ജില്ലാ ട്രഷറർ രവീന്ദ്രൻ, കൊറ്റാമം ചന്ദ്രകുമാർ, സജ്ജാദ് സഹീർ, പ്രേംകുമാർ എം.എസ്, രജിവാമദേവൻ, അജയകുമാർ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം.റഫീഖ് സ്വാഗതവും ജില്ലാ സെക്രട്ടറി ഗോപകുമാർ നന്ദിയും പറഞ്ഞു.
പ്രാദേശിക മാദ്ധ്യമപ്രവർത്തകർ സമൂഹത്തിലെ അഭിവാജ്യഘടകം – സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
