യൂസഫ് അരിയന്നൂർ
കൊച്ചി: കളിക്കോപ്പുകൾക്കിടയിൽ കുട്ടികൾ കണ്ടെത്തുന്ന കൗതുകങ്ങൾ പലപ്പോഴും വൻ ദുരന്തങ്ങളിലേക്ക് വഴിമാറാറുണ്ട്. അത്തരത്തിൽ ഒരു കുഞ്ഞൻ ബട്ടൺ ബാറ്ററി വരുത്തിവെച്ച വലിയൊരു വിപത്തിൽനിന്ന്, മരണമുഖത്തുനിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ രണ്ട് വയസ്സുകാരി പ്രിയാൻഷിയുടെ കഥയാണിത്.
ഒഡീഷയിൽനിന്ന് ഉപജീവനത്തിനായി കേരളത്തിലെത്തിയ അതിഥി തൊഴിലാളികളുടെ മകളായ ഈ കുരുന്നിന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാർ നൽകിയത് തികച്ചും ഒരു രണ്ടാം ജന്മമാണ്.
പെരുമ്പാവൂർ ഒടക്കാലിയിൽ താമസിക്കുന്ന രാജേന്ദ്ര- പുഷ്പലത പാണ്ഡ ദമ്പതികളുടെ ജീവിതം ഏതാനും മാസങ്ങൾക്ക് മുമ്പ് കടുത്ത ആശങ്കയുടെ നിഴലിലായിരുന്നു. വീട്ടിൽ കളിച്ചുകൊണ്ടിരിക്കവെയാണ് പ്രിയാൻഷിയുടെ കൈയിൽ ഒരു ചെറിയ ബട്ടൺ ബാറ്ററി കിട്ടുന്നത്. കുട്ടികളുടെ സ്വാഭാവികമായ കൗതുകത്തോടെ ആ കുഞ്ഞ് അത് വായിലാക്കുകയും അബദ്ധത്തിൽ വിഴുങ്ങുകയും ചെയ്തു. ഉടൻതന്നെ കുടുംബാംഗങ്ങൾ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ബാറ്ററി പുറത്തെടുത്തെങ്കിലും, അപകടം പൂർണ്ണമായും ഒഴിവായിരുന്നില്ല. ബാറ്ററിക്കുള്ളിൽ അടങ്ങിയിരുന്ന രാസവസ്തുക്കൾ കുരുന്നിന്റെ അന്നനാളത്തിലും ശ്വാസനാളത്തിലും ഗുരുതരമായ പൊള്ളലേൽപ്പിച്ചിരുന്നു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ഭാഗത്ത് ദ്വാരം രൂപപ്പെടുകയും, കുട്ടി വെള്ളം കുടിച്ചാൽ പോലും അത് ശ്വാസകോശത്തിലേക്ക് നേരിട്ട് ഇറങ്ങിപ്പോകുന്ന അതീവ ഗുരുതരാവസ്ഥ സംജാതമാവുകയും ചെയ്തു. ശ്വാസം പോലും നിലയ്ക്കാവുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ മാതാപിതാക്കളുടെ നെഞ്ചിടിപ്പ് ഇരട്ടിച്ചു.
നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുട്ടിയുടെ നില കൂടുതൽ വഷളായതോടെയാണ് ഒടുവിൽ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് എത്തിക്കുന്നത്. കഴുത്തിനും നെഞ്ചിനും ഇടയിലുള്ള അതീവ നിർണായകവും അപകടകരവുമായ ഭാഗത്തായിരുന്നു മുറിവുകൾ. ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലുകളും ശ്വസനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളും സ്ഥിതി ചെയ്യുന്ന ആ ഭാഗത്ത് ശസ്ത്രക്രിയ നടത്തുക എന്നത് മെഡിക്കൽ ലോകത്തെ വലിയൊരു വെല്ലുവിളിയായിരുന്നു.
ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രാത്രി ഏറെ വൈകിയും നടത്തിയ അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഈ പ്രതിസന്ധിയെ മറികടന്നത്. ശ്വസനത്തെയും സംസാരശേഷിയെയും ബാധിക്കുന്ന ഞരമ്പുകൾക്ക് ഒട്ടും പോറലേൽപ്പിക്കാതെ, കുട്ടിയുടെ ശ്വാസനാളവും അന്നനാളവും അതിസൂക്ഷ്മമായി വേർപെടുത്തി ദ്വാരങ്ങൾ അടയ്ക്കുകയായിരുന്നു.
കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് പി. നായർ, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. സൗരഭ് പത്മനാഭൻ, ഡോ. സാറാ മേരി തമ്പി, ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അഭിജിത്ത് ജോർജ്,ലാറിംഗോളജി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. കാരുണ്യ ആർ. ഗോപാൽ, അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ. കവിത സദൻ, വോയിസ് ആൻഡ് സ്വാലോയിംഗ് പാത്തോളജിസ്റ്റ് ഹീര തോമസ്, സ്റ്റാഫ് നഴ്സ് ഹൃദ്യ എന്നിവരടങ്ങിയ ശക്തമായ ഒരു ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ആഴ്ചകളോളം തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രിയാൻഷി. ട്യൂബ് വഴിയുള്ള ഭക്ഷണവും കടുത്ത പനിയും ശ്വാസതടസ്സവുമെല്ലാം പലതവണ വെല്ലുവിളിയായെങ്കിലും ഡോക്ടർമാരുടെ കൃത്യമായ ഇടപെടലുകൾ കുഞ്ഞിനെ പടിപടിയായി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. ഇന്നവൾ യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ സാധാരണ പോലെ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. നടത്തിയ പരിശോധനകളിലെല്ലാം പൂർണ്ണ രോഗമുക്തിയാണ് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുള്ളത്. മാതാപിതാക്കളുടെ കണ്ണീരൊപ്പി, കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ കരുതലും വിദഗ്ധ ചികിത്സയും ചേർത്ത് നൽകിയ ആ മനോഹരമായ പുഞ്ചിരി ഇന്ന് ആ ആശുപത്രിയുടെ വരാന്തകളിൽ മാത്രമല്ല, ആ കുരുന്നിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിലും തിളങ്ങിനിൽപ്പുണ്ട്.
