വൈക്കം: ആലപ്പുഴ കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വേമ്പനാട് കായലിനു കുറുകെ നിർമ്മിച്ച മാക്കേക്കടവ് നേരെകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നേരെ കടവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ആയിരങ്ങളെ സാക്ഷിയാക്കി നാട മുറിച്ച് പാലം ജനങ്ങൾക്കു തുറന്നു കൊടുത്തു.
പാലം, റോഡ് തുടങ്ങിയ പദ്ധതികൾ വരുമ്പോൾ ഭൂമി ഏറ്റെടുക്കേണ്ടിവരും. പദ്ധതികൾക്കായി ഭൂമിവിട്ടു നൽകുന്നവർക്ക് അവരുടെ മനസ്സറിഞ്ഞ് സർക്കാർ ഒരു അധിക സാമ്പത്തിക സഹായം കൂടി നൽകി പാവപ്പെട്ടവരെ സഹായിക്കുന്ന തരത്തിലുള്ള പാക്കേജ് നടപ്പിലാക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങൾക്കുറപ്പു നൽകി.
ഈ സർക്കാർ ജനങ്ങളെ സഹായിക്കുന്ന സർക്കാരാണ്.
അഞ്ചുസെൻ്റു ഭൂമിയിൽ വീടുവെച്ച് താമസിക്കുന്ന ഒരാൾക്ക് പദ്ധതിക്കായി ഒരു ഭാഗം വിട്ടുനൽകേണ്ടിവരുമ്പോൾ
അവർക്ക് മറ്റൊരു സ്ഥലത്ത് ഭൂമി വാങ്ങിക്കുന്നതിനും അവിടെ വീടുവെച്ചു താമസിക്കുന്നതിന്
ആവശ്യമായ പണം കൂടി സർക്കാർ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ ഖജനാവിൻ്റെ ഏറ്റവും വലിയ ചോർച്ച ഏറ്റെടുക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതാണ്. അതിന് സർക്കാർ മാറ്റം വരുത്തും. ഏറ്റെടുക്കുന്ന പദ്ധതികൾ സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അങ്ങനെ പൊതു ഖജനാവിൽ നിന്നും പണം നഷ്ടമാകുന്ന രീതി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിൻ്റെ മിഷൻ സമുദ്ര പദ്ധതിയിൽ പെടുത്തി ആലപ്പുഴ ജില്ലയിലെ സീഫുഡ് ആസ്ഥാനമായ അരൂരിനെ ബ്ലൂ ഇക്കോണമി കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ അധ്യക്ഷതവഹിച്ച ചടങ്ങിന്
ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം ആശംസിച്ചു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു, കോട്ടയം എം പി അഡ്വ. ഫ്രാൻസിസ്സ് ജോർജ്ജ്, കെ ബിനിമോൻ എം എൽ എ , ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എ മഹീന്ദ്രൻ ,കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, ചീഫ് എൻജിനീയർ അശോക് കുമാർ എം , ജില്ലാ കളക്ടർമാരായ ഷാജി വി നായർ ഐ എ എസ് , ചേതൻ കുമാർ മീണ ഐ എ എസ് , മുൻ എം പി എ എം ആരിഫ്,മുൻ എം എൽ എ സി കെ ആശ, ആലപ്പുഴ ഡിസിസി പ്രസിഡൻ്റ് ബി ബാബു പ്രസാദ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.റ്റി. രാധാകൃഷ്ണൻ, വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, മെമ്പർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
