ശബരിമല മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു; അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, എ ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല പുതിയ മേല്‍ശാന്തിയായി അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും, മാളികപ്പുറം മേല്‍ശാന്തിയായി എ. ദാമോദരന്‍ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയായ ശങ്കരന്‍ നമ്പൂതിരി നിലവില്‍ പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.

അഞ്ച് തവണ അപേക്ഷ സമര്‍പ്പിക്കുകയും മൂന്ന് തവണ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം, തനിക്ക് ഈ നിയോഗത്തില്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും സന്തോഷമുണ്ടെന്നും പ്രതികരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ എ. ദാമോദരന്‍ നമ്പൂതിരി നിലവില്‍ പയ്യോളി കീഴൂര്‍ ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനം അനുഷ്ഠിച്ചു വരികയാണ്.

സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടിയാണ് നറുക്കെടുപ്പിലൂടെ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. വൃശ്ചികം ഒന്നിന് മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുന്നതോടെ പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *