മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ വിമർശനം കൂടി ഉൾക്കൊള്ളാൻ പാർട്ടി തയാറാവണം; പിന്തുണച്ച് ചാണ്ടി ഉമ്മൻ

സിഎംആര്‍എൽ കേസിൽ കോൺഗ്രസിൽ ഒറ്റപ്പെട്ട മാത്യു കുഴൽനാടനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നതാണ് യുഡിഎഫ് നിലപാടെന്നും പക്ഷേ മാത്യു കുഴൽനാടന് കേസിന്റെ എ ടു സെഡ് കാര്യങ്ങൾ അറിയാമെന്നും മാത്യുവിന്റെ വിമർശനം കൂടി ഉൾക്കൊള്ളാൻ പാർട്ടി തയാറാവണമെന്നും നിയമത്തിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ച ഉണ്ടാവാൻ പാടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ലാവലിൻ കേസിൽ ആക്ഷേപം ഉയർന്നപ്പോൾ തന്റെ പിതാവ് നേരെ സിബിഐക്കാണ് വിട്ടതെന്നും മാത്യുവിന്റെ പോരാട്ടം ചെറിയ പോരാട്ടമല്ലെന്നും വി.ഡി സതീശൻ ഉമ്മൻചാണ്ടിയായെന്ന് കരുതിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കുഴൽനാടൻ്റെ വാദം കൂടി പാർട്ടി കേൾക്കണമെന്നും അനാവശ്യമായി കൈക്കടത്തേണ്ട എന്നതായിരിക്കും സർക്കാർ കാഴ്ചപ്പാടെന്നും അതിൽ താൻ തെറ്റുപറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം തുടങ്ങാത്തതിനെ ചൊല്ലി നേരത്തേ കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയോഗത്തിൽ പ്രതിഷേധിച്ച കുഴൽനാടന്‍റെ നിലപാടിനെ മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ളവർ എതിർത്തിരുന്നു. ഇതിന് പിന്നാലെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ നിന്ന് കുഴൽനാടൻ ഇറങ്ങിപ്പോയിരുന്നു. തുടർന്നാണ് മാത്യു കുഴൽനാടനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ രം​ഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *