അടിയന്തര പരിചരണത്തിന് “കരുതൽ 360” പദ്ധതിയുമായി കോഴിക്കോട് ആസ്റ്റർ മിംസ്

കോഴിക്കോട്: ലോക ട്രോമ ദിനാചരണത്തിന്റെ ഭാഗമായി അടിസ്ഥാന ജീവൻരക്ഷാ (ബേസിക് ലൈഫ് സപ്പോർട്ട്) പരിശീലനം നൽകുന്ന ‘കരുതൽ 360’ പദ്ധതിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ തുടക്കമായി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തലക്കുളത്തൂർ സി.എം.എം എച്ച്.എസ്.എസ്സിൽ വെച്ച് കോഴിക്കോട് എ.സി.പി പ്രമോദ് പി. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാലിക്കറ്റ് എഫ്.സി ടീം അംഗങ്ങൾ മുഖ്യാതിഥികളായി.
കേവലം ബോധവൽക്കരണത്തിനപ്പുറം, ഏത് അപകട സാഹചര്യങ്ങളിലും വൈദ്യ സഹായം ലഭിക്കുന്നതിന് മുൻപുള്ള പ്രഥമ ശുശ്രൂഷകൾ നൽകാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുന്ന പദ്ധതി ആരോഗ്യമേഖലയിലെ നിർണായക ചുവടുവെപ്പാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികളാണ് ആസ്റ്റർ മിംസിലെ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. ട്രോമ കെയറിലെ സങ്കീർണ്ണതകൾ, അടിയന്തര പരിചരണത്തിന്റെ ആവശ്യകത, കൃത്യമായ പരിശീലനവും അവബോധവും പൊതുജനങ്ങൾക്ക് നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികൾ, വയോജനങ്ങൾ എന്നിവർക്കുണ്ടാകുന്ന അപകടങ്ങളും അത്യാഹിതങ്ങളും, വൈദ്യുതാഘാതം, വെള്ളത്തിൽ നിന്നുള്ള അപകടങ്ങൾ, വ്യാവസായിക അപകടങ്ങൾ തുടങ്ങി വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ബോധവൽക്കരണ ക്ലാസുകൾ, മോക്ക് ഡ്രില്ലുകൾ, പ്രായോഗിക പരിശീലനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി പരിശീലനാർത്ഥികൾക്ക് നൽകും.
പൊതുസമൂഹത്തിന് ഏറെ ഉപകാരപ്രദമായ ഈ പദ്ധതിക്ക് രൂപം നൽകിയ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി അധികൃതരെ ചടങ്ങിൽ എ.സി.പി പ്രമോദ് പി. അഭിനന്ദിച്ചു. അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ നിമിഷങ്ങളിൽ ലഭിക്കുന്ന പരിചരണം ജീവൻ നിലനിർത്തുന്നതിൽ നിർണായകമാണ്. ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കായി പൊതുസമൂഹത്തെ സജ്ജമാക്കുക എന്നതാണ് കരുതൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ആസ്റ്റർ മിംസ് എമർജൻസി വിഭാഗം മേധാവി ഡോ. വിനീത് ചന്ദ്രൻ വ്യക്തമാക്കി. മികച്ച രീതിയിൽ പരിശീലനം പൂർത്തീകരിക്കുന്ന വ്യക്തികളെ ആസ്റ്റർ സേഫ് ഗാർഡ് ബാഡ്ജ് നൽകി ആദരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ആരോഗ്യ മേഖലയിൽ 25 വർഷത്തെ മികച്ച സേവന പാരമ്പര്യമുള്ള ആസ്റ്റർ മിംസ് മലബാർ മേഖലയിലെ ജനങ്ങൾക്കായുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ആരോഗ്യ പരിരക്ഷാ രംഗത്ത് നൽകിവരുന്ന മികച്ച സേവനങ്ങളുടെ തുടർച്ചയായാണ് സമൂഹത്തിന് നേരിട്ട് പ്രയോജനപ്പെടുന്ന ഇത്തരം സുപ്രധാന പദ്ധതികൾ ആശുപത്രിയുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നത് എന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ചടങ്ങിൽ ഡോ. മുഹമ്മദ് ആഷിഖ് പിടി,മുനീർ എംപി കാലിക്കറ്റ് എഫ്സി താരങ്ങളായ അനിൻ മുഹമ്മദ്, മുഹമ്മദ് ഷാദിൽ തുടങ്ങിയവർ സംബന്ധിച്ചു. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാനുള്ള നമ്പർ: 75103 55666


Leave a Reply

Your email address will not be published. Required fields are marked *