ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്ത ബാധ; ചികിത്സയിലായിരുന്ന കാളികാവ് വ്യാപാരി മരിച്ചു; 93 പേർക്ക് രോഗം സ്ഥിരീകരിച്ചു..!

വണ്ടൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി ദാരുണമായി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ലയൻസസ് ഉടമ പെവുന്തറ സ്വദേശി അച്ഛിപ്ര സത്താറാണ് (45) മരണപ്പെട്ടത്.

മഞ്ഞപ്പിത്തം കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ​വണ്ടൂർ – മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കിടയിലാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തത്.

രോഗബാധിതരുടെ എണ്ണം അതിവേഗം വർധിച്ചുവരുന്നതിനിടയിലാണ് കാളികാവ് സ്വദേശിയായ വ്യാപാരിയുടെ മരണം സംഭവിക്കുന്നത്. കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ നിരവധി പേർക്കും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രോഗബാധയേറ്റിട്ടുണ്ട്.

വിവിധ പ്രദേശങ്ങളിൽ രോഗം പടർന്നതിനാൽ ആകെ രോഗികളുടെ കൃത്യമായ കണക്കുകൾ ഇനിയും ലഭ്യമായിട്ടില്ല. കൂടാതെ, ദൂരസ്ഥലങ്ങളിൽ നിന്നെത്തി ഇവിടെ ഭക്ഷണം കഴിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
​
​കഴിഞ്ഞ സെപ്റ്റംബർ ഒന്നിനും 18നും ഇടയിൽ ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് പ്രധാനമായും രോഗലക്ഷണങ്ങൾ കണ്ടത്. വ്യാപകമായ പരാതികളെ തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടൽ പൂട്ടിച്ചിരുന്നു. നിലവിൽ വണ്ടൂർ ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ ഔദ്യോഗിക കണക്ക് 93 ആയി ഉയർന്നു.

​ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത് വണ്ടൂർ പഞ്ചായത്തിലാണ് (51 കേസുകൾ). കൂടാതെ പോരുരിൽ 15, തിരുവാലിയിൽ 13, കാളികാവിൽ എട്ട്, തൃക്കലങ്ങോട് അഞ്ച്, മമ്പാട് ഒന്ന് എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ രോഗികളുടെ കണക്ക്. ഇതിൽ 15 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
​
​രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വണ്ടൂർ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു.

​രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ പ്രത്യേക ഹെൽത്ത് സ്ക്വാഡുകൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തുകളിലെ മുഴുവൻ കടകളിലും ഹോട്ടലുകളിലും കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടാതെ, വീടുകളിൽ ജലശുദ്ധീകരണത്തിനായി ക്ലോറിനേഷൻ ഉറപ്പാക്കാൻ ബ്ലോക്കിലെ മുഴുവൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ചുമതലപ്പെടുത്തി.

ആശാ പ്രവർത്തകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും സേവനവും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവർ ഉടൻതന്നെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *