മോട്ടോർ വാഹന വകുപ്പിന്റെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ അത്യാധുനിക ടോയ്‌ലറ്റ് കോംപ്ലക്സും അമെനിറ്റി സെന്ററും ഒരുങ്ങുന്നു

പീരുമേട് : മോട്ടോർ വാഹന വകുപ്പിന്റെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർക്കായി അത്യാധുനിക ടോയ്‌ലറ്റ് കോംപ്ലക്സും അമെനിറ്റി സെന്ററും യാഥാർത്ഥ്യമാകുന്നു. ഏറെ നാളുകളായി ഉദ്യോഗസ്ഥരും നാട്ടുകാരും ഉന്നയിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കാണ് ഇതുവഴി ശാശ്വത പരിഹാരമാകുന്നത്. പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് പീരുമേട് എം.എൽ.എ. അഡ്വ. സിറിയക് തോമസ് വ്യക്തമാക്കി.

ഡ്രൈവിങ് ടെസ്റ്റിനായി ദിവസേന നിരവധി പൊതുജനങ്ങളും ഉദ്യോഗസ്ഥരുമാണ് ഈ ഗ്രൗണ്ടിൽ എത്തിച്ചേരുന്നത്. ഇവിടെ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി, പദ്ധതി വേഗത്തിലാക്കുന്നതിനായി അഴുത ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിലയിരുത്തലുകൾ നടത്തിക്കഴിഞ്ഞു.

പദ്ധതിയുടെ വിശദമായ രൂപരേഖയും എസ്റ്റിമേറ്റും ഉടൻ തന്നെ തയ്യാറാക്കി നിർമ്മാണത്തിലേക്ക് കടക്കുമെന്ന് എം.എൽ.എ. അറിയിച്ചു. എസ്റ്റിമേറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് ഭരണാനുമതി ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനാണ് തീരുമാനം. പദ്ധതി പൂർത്തിയാകുന്നതോടെ ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും ഇത് വലിയൊരു ആശ്വാസമാകും

Leave a Reply

Your email address will not be published. Required fields are marked *