ചെന്നൈ സെന്റ് ജോര്‍ജ് കോട്ടയില്‍ നിന്ന് നിയമസഭയും സെക്രട്ടേറിയറ്റും മാറ്റാന്‍ ഒരുങ്ങി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സെപ്റ്റംബര്‍ 3-ന് നിയമസഭയില്‍ ചട്ടം 110 പ്രകാരം നടത്തിയ പ്രഖ്യാപനത്തിലാണ് തമിഴ്നാടിന്റെ ഭരണസിരാകേന്ദ്രം തന്നെ മാറ്റുന്നതിനുള്ള സുപ്രധാന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചത്. ഏകദേശം 1,200 കോടി രൂപ ചിലവില്‍ 20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ചെന്നൈയില്‍ പുതിയ സംയോജിത നിയമസഭാ-സെക്രട്ടേറിയറ്റ് മന്ദിരം നിര്‍മ്മിക്കാനാണ് പദ്ധതി. അടുത്ത നൂറ് വര്‍ഷത്തെ ഭരണപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ മാറ്റം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
1644-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മ്മിച്ച സെന്റ് ജോര്‍ജ് കോട്ട, ഒരു വാണിജ്യ കേന്ദ്രമായും പിന്നീട് ബ്രിട്ടീഷ് ഭരണത്തിന്റെ ആസ്ഥാനമായും, സ്വാതന്ത്ര്യാനന്തരം അണ്ണാദുരൈ, കരുണാനിധി, എം.ജി.ആര്‍, ജയലളിത, എം.കെ സ്റ്റാലിന്‍ എന്നിവര്‍ക്ക് ശേഷം ഇപ്പോള്‍ വിജയ് വരെ നീളുന്ന തമിഴ് ജനാധിപത്യത്തിന്റെ സുപ്രധാന വേദിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം വിലമതിക്കാനാവാത്തതാണെങ്കിലും, സ്ഥലപരിമിതിയും ഭരണപരമായ ആവശ്യങ്ങളും കണക്കിലെടുത്താണ് അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ മന്ദിരം എന്ന ആശയം രൂപപ്പെട്ടത്. പുതിയ പദ്ധതിക്ക് ഇതുവരെ സ്ഥലം കണ്ടെത്തുകയോ രൂപരേഖ തയ്യാറാക്കുകയോ ചെയ്തിട്ടില്ലെങ്കിലും, കൊളോണിയല്‍ കാലഘട്ടം മുതല്‍ അധികാരത്തിന്റെ ഇടനാഴിയായിരുന്ന സെന്റ് ജോര്‍ജ് കോട്ടയോട് വിടപറയാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
1,200 കോടി രൂപ ചെലവിൽ ചെന്നൈയിൽ അത്യാധുനിക നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമ്മിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ്
