സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് : ഇന്ത്യയുടെ ചെക്ക്

ഡൽഹി സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കിയതിന് പിന്നാലെ, അതിർത്തി മേഖലകളിൽ തന്ത്രപരമായ നീക്കങ്ങളുമായി ഇന്ത്യ. സിന്ധു നദിക്ക് കുറുകെ ലഡാക്കിലെ ലേയിലുള്ള ഉപ്‌ഷിയിൽ ഇന്ത്യ ആദ്യമായി കൂറ്റൻ ‘റോക്ക് ചെക്ക് ഡാം’ നിർമ്മിച്ചു. സിന്ധു നദി പാകിസ്താനിലേക്ക് ഒഴുകിയെത്തുന്നതിന് മുൻപ് തന്നെ നദീജലം ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങൾക്കും കൃഷിക്കുമായി പ്രയോജനപ്പെടുത്തുന്ന നിർണായക അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്. സിമന്റോ മറ്റ് കൃത്രിമ നിർമ്മാണ സാമഗ്രികളോ പൂർണമായി ഒഴിവാക്കി, കൂറ്റൻ പാറക്കല്ലുകൾ മാത്രം അടുക്കിവെച്ചാണ് ലഡാക്ക് ഭരണകൂടം ഈ ചെക്ക് ഡാം പണിതുയർത്തിയിരിക്കുന്നത്. ഡാം യാഥാർഥ്യമായതോടെ നദിയിലെ ജലനിരപ്പ് പത്ത് അടിയോളം ഉയർന്നു. വസന്തകാലത്ത് വിതയ്ക്കൽ സമയത്ത് സിന്ധു നദിയിലെ വെള്ളം താഴ്ന്ന ആഴത്തിലുള്ള കയങ്ങളിൽ കിടന്നിരുന്നതിനാൽ കൃഷിഭൂമിയിലേക്ക് വെള്ളം എത്തിക്കാൻ ലഡാക്കിലെ കർഷകർ ഏറെ ബുദ്ധിമുട്ടിയിരുന്നു. തുടർച്ചയായ വരൾച്ച കാരണം പ്രതിസന്ധിയിലായിരുന്ന കൃഷിമേഖലയ്ക്ക് പുതിയ ഡാം വലിയൊരു ആശ്വാസമായി മാറി. ഏകദേശം 4 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ഈ ഡാമിൽ നിന്നും ‘ഇഗു ഫേ’ (Igoo Phey) ഇറിഗേഷൻ കനാൽ വഴിയാണ് ഉണങ്ങി വരണ്ട ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ജലസേചനം സാധ്യമാക്കുന്നത്. കർഷകർക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നതിനോടൊപ്പം തന്നെ അയൽരാജ്യമായ പാകിസ്താന് വലിയൊരു തന്ത്രപരമായ സന്ദേശം കൂടിയാണ് ഇന്ത്യ ഈ നിർമ്മാണത്തിലൂടെ നൽകുന്നത് . സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ, ഇനി നദീജല വിനിയോഗത്തിൽ വിട്ടുവീഴ്ചയില്ലെന്ന കൃത്യമായ സൂചനയാണ് ലഡാക്കിലെ ഈ നീക്കം

Leave a Reply

Your email address will not be published. Required fields are marked *