മിന്നൽ പ്രളയം നാശം വിതച്ച നേപ്പാളിലേയ്ക്ക് കൂടുതൽ സഹായ സാമഗ്രികൾ അയയ്ക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യ. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായകമാകുന്ന ബെയ്ലി പാലങ്ങൾ നേപ്പാളിലേയ്ക്ക് അയയ്ക്കാൻ ഇന്ത്യ ആലോചിക്കുന്നുണ്ട്. പ്രളയത്തിൽ നിരവധി പാലങ്ങൾ ഒലിച്ചുപോയ സാഹചര്യത്തിലാണ് നടപടി.
ബുധനാഴ്ച രാത്രി മുതൽ രണ്ട് സൈനിക ഗതാഗത വിമാനങ്ങളിലായി ഇന്ത്യ 47.5 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലെത്തിച്ചിരുന്നു. വ്യാഴാഴ്ച ഇന്ത്യ നേപ്പാളിലേക്ക് 37.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൂടി സൈനിക ഗതാഗത വിമാനത്തിൽ അയച്ചു. ബുധനാഴ്ച 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അയച്ചിരുന്നു.
നേപ്പാളിലെ ദുരന്ത ബാധിത മേഖലകളിൽ നിന്ന് ഇതുവരെ 1,000-ത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ 60 ശതമാനത്തോളം പേരും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ റസുവ ജില്ലയിൽ നിന്നുള്ളവരാണ്. കൈലാസ് മാനസസരോവർ യാത്രയ്ക്കായി നേപ്പാളിലെത്തിയ തീർഥാടകരെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥർ ട്രാവൽ ഏജൻസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
