മുട്ടവില വീണ്ടും കൂടാൻ സാധ്യത

കോട്ടയം: ഏതാനും ദിവസത്തിനിടെ ഇടിവുണ്ടായെങ്കിലും, മുട്ടവില വീണ്ടും കുതിക്കാൻ സാധ്യത. തീറ്റവിലയിലുണ്ടായ വർധനയാണ് കാരണം. സോയാ കെയ്ക്ക്, പൊടിയരി എന്നിവയാണ് കോഴി-താറാവ് തീറ്റകളിൽ മുഖ്യഘടകം. ഇവയ്ക്ക് രണ്ടിനും കാര്യമായ വിലക്കയറ്റമുണ്ടായി.
കോഴിമുട്ടവില 7.50-8 രൂപവരെയായിരുന്നത് ഒാണമെത്തിയതോടെ ഏഴുരൂപയായി കുറഞ്ഞിരുന്നു. താറാവുമുട്ട 18 രൂപവരെയെത്തി, കഴിഞ്ഞദിവസങ്ങളിൽ 12-15 എന്നതോതിലേക്ക് താഴ്ന്നതാണ്. എന്നാൽ, വിലയിൽ വീണ്ടും വർധനയുടെ സൂചനകളാണുള്ളതെന്ന് വ്യാപാരികൾ പറഞ്ഞു.50 കിലോഗ്രാം വരുന്ന തീറ്റപായ്ക്കിന് 2300 രൂപയാണ് ഇപ്പോഴത്തെ വില. 500 രൂപയോളമാണ് കുതിച്ചത്. പൊടിയരി പായ്ക്കറ്റിന് 1350 രൂപയായി. 1100 രൂപയായിരുന്നു മുമ്പത്തെവില. സോയാ കെയ്ക്ക് കിലോഗ്രാമിന് 45 രൂപയിൽനിന്ന് 66 രൂപയായി.പൊടിയരി എഥനോൾ നിർമാണത്തിന് കൊണ്ടുപോകുന്നതിനാൽ, കോഴിത്തീറ്റയ്ക്കായി ധാന്യസംഭരണശാലകളിൽനിന്ന് ലാഭവിലയ്ക്ക് കിട്ടുന്നത് കുറഞ്ഞിട്ടുണ്ട്. റേഷനരിയിലും പരമാവധി പൊടിയരിസാന്നിധ്യം അഞ്ചുശതമാനമായി കുറയ്ക്കാനാണ് നിർദേശം. അരി പക്ഷിത്തീറ്റയായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി ഒഴിവാക്കാനാണിത്.

Leave a Reply

Your email address will not be published. Required fields are marked *