പാലക്കാട്: തിരുവോണനാളിൽ അട്ടപ്പാടി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കൂട്ട അവധിയിൽ വലഞ്ഞ് മൂന്നര വയസ്സുകാരൻ. ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി. അപസ്മാര ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, അത്യാഹിത വിഭാഗത്തിലടക്കം ചികിത്സ നൽകാൻ ഡോക്ടർമാർ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ ഇല്ലാതിരുന്നതും പ്രതിസന്ധിയുടെ ആഘാതം കൂട്ടി. ഒടുവിൽ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ആംബുലൻസ് സർവീസ് ലഭിക്കാൻ ഏറെ വൈകി.
തുടർന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് കുട്ടിയെ ഐ.സി.യു ആംബുലൻസിൽ കോട്ടത്തറ ആശുപത്രിയിൽ എത്തിക്കാനായത്. അടിയന്തര ചികിത്സ അത്യാവശ്യമായ ഘട്ടത്തിൽ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കെതിരെ നാട്ടുകാരിലും രോഗികളുടെ ബന്ധുക്കളിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
