85ലക്ഷം രൂപ കള്ളപ്പണ, ഹവാല ഇടപാട്; 20.05 കോടി ഇന്ത്യൻ രൂപയിൽ ദുരൂഹ ഇടപാടുകൾ, പിണറായിക്ക് കുരുക്ക് മുറുകൂന്നു

തിരുവനന്തപുരം: പിണറായി വിജയന് കനത്ത തിരിച്ചടിയായി കരിമണൽ കള്ളപ്പണമിടപാട് കേസിൽ ഇ.ഡിയുടെ അന്വേഷണം അടുത്ത നി‍ർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. 85ലക്ഷം രൂപ കള്ളപ്പണ, ഹവാല ഇടപാടിലൂടെ ദുബായിലേക്ക് കടത്തിയെന്ന് കണ്ടെത്തിയതോടെ പിണറായിയുടെ മകൾ വീണയ്ക്ക് കുരുക്ക് മുറുകുകയാണ്. വീണയെയും ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിനെയും ഇ.ഡി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമെന്ന് അറിയുന്നു. മെയ് 27-ന് വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൈയെഴുത്ത് കണക്കുപുസ്തകങ്ങൾ കണ്ടെത്തി. ചുവന്ന പുറംചട്ടയുളള ഒരു ഡയറിയായിരുന്നു അതിൽ പ്രധാനം. വ്യക്തികളുടെ പേരുകൾ, കൈകാര്യം ചെയ്തതും ചെലവഴിച്ചതുമായ തുകകൾ, ദുബായിലേക്ക് അയച്ച തുകകൾ തുടങ്ങിയവ ഈ കൈയ്യെഴുത്ത് കുറിപ്പുകളിൽ ഉണ്ടായിരുന്നു.ഈ കണക്കുകളിൽ ദിർഹം (ദുബായ് കറൻസി) കൂടാതെ ഇന്ത്യൻ രൂപയിലുമുള്ള വിവരങ്ങൾ ഉൾപ്പെട്ടിരുന്നു. കുറിപ്പുകൾ പ്രകാരം ദുബായിലേക്ക് കൈമാറിയ തുക ഏകദേശം 3.49 ലക്ഷം ദിർഹം ആണ് (ഏകദേശം 85 ലക്ഷം രൂപയ്ക്ക് തുല്യം). ഇന്ത്യൻ രൂപയിൽ സൂക്ഷിച്ചിരിക്കുന്ന കണക്കുകൾ ഏകദേശം 20.05 കോടി രൂപയുടേതാണെന്ന് ഇ.ഡി വെളിപ്പെടുത്തി.വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ വൈഫൈ റൂട്ടറിൽ ഉപയോഗിക്കുന്നതിനായി മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇന്റർനെറ്റ് അധിഷ്ഠിത കോളുകൾ വഴി ആശയവിനിമയം നടത്തുന്നതിനായി മറ്റൊരാളുടെ പേരിൽ സിമ്മും വൈഫൈ റൂട്ടറും കരസ്ഥമാക്കിയതാണെന്ന് സംശയിക്കുന്നു. വീണയുടെ കൈയ്യെഴുത്ത് കണക്കുകളിൽ പേരുള്ള മുഴുവൻ ആളുകളെയും സിം കാർഡ് നൽകിയ വ്യക്തിയെയും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പരിശോധനയിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹവാല മാർഗ്ഗങ്ങളിലൂടെ പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. വീണ തന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് അപ്പുറമുള്ള തുക കൈകാര്യം ചെയ്തിരുന്നതായി ഇ.ഡി പിടിച്ചെടുത്ത രേഖകൾ വ്യക്തമാക്കുന്നു. അവരുടെ കൈയ്യെഴുത്ത് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകകൾ സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച തുകയ്ക്കും മുകളിലാണ്. നിയമപ്രകാരമുള്ള നിയമനടപടികൾ ഇ.ഡി ആരംഭിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. കോർപ്പറേറ്റ് തട്ടിപ്പിനും കൈക്കൂലി ഇടപാടുകൾക്കുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ആരംഭിച്ച അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി പി.എം.എൽ.എ നിയമ പ്രകാരം അന്വേഷണം ആരംഭിച്ചത്. 15 വർഷത്തിനിടയിൽ സി.എം.ആർ.എൽ182 കോടി രൂപയുടെ വ്യാജ പണച്ചെലവുകൾ കാണിച്ചതായും ഇത് വിവിധ വ്യക്തികൾക്ക് കൈക്കൂലി നൽകാൻ ഉപയോഗിച്ചതായും എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ വ്യക്തമായി.സി.എം.ആർ.എൽ കാണിച്ച വ്യാജ ചെലവുകളിലൊന്ന് മുൻ കേരള മുഖ്യമന്ത്രി പിണറായി. വിജയന്റെ മകൾ വീണയ്ക്ക് നൽകിയ പണമാണ്. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ഒരു ഏകാംഗ കമ്പനി), ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ സി.എം.ആർ.എല്ലിൽ നിന്ന് ആകെ 2.78 കോടി രൂപയുടെ തട്ടിപ്പ് പണം കൈപ്പറ്റി. കൂടാതെ, സി.എം.ആർ.എല്ലിന്റെ മാനേജിംഗ് ഡയറക്ടറായ ശശിധരൻ കർത്ത നടത്തുന്ന എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് , എക്സാലോജിക് കൃത്യസമയത്ത് തിരിച്ചടവ് നടത്തുന്നതിൽ പരാജയപ്പെട്ടിട്ടും ആകെ 50 ലക്ഷം രൂപ വായ്പയായി നൽകി. എസ്.എൻ. ശശിധരൻ കർത്തയുടെ നേതൃത്വത്തിലുള്ള സി.എം.ആർ.എൽ മാനേജ്‌മെന്റ് കുറ്റകൃത്യത്തിലൂടെ പണം ഉണ്ടാക്കുകയും വിവിധ വ്യക്തികൾക്ക് കൈക്കൂലി നൽകുകയും ചെയ്തതായി ഇ.ഡി നേരത്തെ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *