മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90) അന്തരിച്ചു.

സംസ്കാരം വെള്ളിയാഴ്ച (21-08-2026) വൈകിട്ട് 04:00-ന് എറണാകുളം ഇടപ്പള്ളി തോപ്പിൽ മേരി ക്യൂൻസ് പള്ളിയിൽ.

മിനിമോൾ,
ഇനിയും പുഴയൊഴുകും,
ഏഴാം കടലിനക്കരെ,
മീൻ, ഈനാട്,
ഇനിയെങ്കിലും,
ഉണരൂ, തുഷാരം,
രജനിഗന്ധി,
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ,
ഇത്രയും കാലം തുടങ്ങി 11 ചിത്രങ്ങളാണ് അദ്ദേഹം നിർമിച്ചത്.

മലയാള സിനിമയുടെ ചിത്രീകരണ ഭൂമികയിലും നിർമാണരീതികളിലും പുതുമകൾ കൊണ്ടുവന്ന നിർമാതാവായിരുന്നു എൻ.ജി. ജോൺ.

‘ഏഴാം കടലിനക്കരെ’ അമേരിക്കയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ്.
‘തുഷാരം’ കശ്മീരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും നേടി.
‘ഇനിയെങ്കിലും’ ഹോങ്കോങ്ങിലും ജപ്പാനിലും ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും ചിത്രീകരണം നടത്തി മലയാള സിനിമയുടെ സാധ്യതകൾ വിപുലീകരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

കോട്ടയം എട്ടുപറ എൻ.എക്സ്. ജോർജിന്റെയും നിധീരി ഏലിയാമ്മയുടെയും മകനായി 1936 ഓഗസ്റ്റ് 20-ന് കോട്ടയത്ത് ജനിച്ചു.

കോട്ടയം എം.ഡി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് ലയോള കോളേജിൽനിന്ന് ബി.എസ്.സി. ബിരുദം നേടി.

ജിയോ പിക്ചേഴ്സ്,
ജിയോ മൂവീസ്,
ജിയോ ഫിലിംസ് എന്നിവയുടെ മാനേജിങ് പാർട്ണറായിരുന്നു.

ആറു വർഷം കേരള ഫിലിം ചേംബർ പ്രസിഡന്റായി പ്രവർത്തിച്ചു.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ ഏഴു പതിറ്റാണ്ടിന്റെ ചരിത്രം പറയുന്ന ‘സിനിമയും ഞാനും-70 വർഷങ്ങൾ’ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *