വൈക്കം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടും ഫിഫ ലോകകപ്പ് 2026 ആഘോഷങ്ങളോടും അനുബന്ധിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ മുന്നേറ്റമായ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി വൈക്കം രാജഗിരി അമല സി.എം.ഐ. പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ‘കായികരംഗത്തെ ചേർത്തുപിടിക്കുക, ലഹരിയെ പൂർണമായി ഒഴിവാക്കുക’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടികൾ.
സർക്കാരിന്റെ തൂഫാൻ പദ്ധതിയുടെ പ്രധാന ആപ്തവാക്യമായ ‘ലഹരി ഉപേക്ഷിക്കൂ… തൂഫാനാകൂ’ എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ നടത്തിയ സൈക്കിൾ റാലിയും തെരുവുനാടകവും പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ. ഫാ. ആഷിക്ക് മറ്റേക്കാട്ട് സി.എം.ഐ ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലിയുടെ ഔദ്യോഗിക ഉദ്ഘാടനം എക്സൈസ് ഓഫീസർ ശ്രീ. പ്രമോദ് നിർവഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, സർക്കാരിന്റെ തൂഫാൻ പദ്ധതിയിലൂടെ യുവതലമുറ ലഹരിയിൽ നിന്ന് അകന്ന് കായിക-സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
വൈക്കത്ത് നിന്ന് തലയോലപ്പറമ്പിലേക്കും തിരിച്ചും നടന്ന സൈക്കിൾ റാലിയും വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ അവതരിപ്പിച്ച തെരുവുനാടകവും ജനശ്രദ്ധ പിടിച്ചുപറ്റി. ലഹരിയുടെ ദൂഷ്യഫലങ്ങളും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും ശക്തമായി അവതരിപ്പിച്ച നാടകങ്ങൾ കാണികളിൽ ബോധവൽക്കരണ സന്ദേശം പകർന്നു.
പുതുതലമുറ ലഹരിക്ക് അടിമപ്പെടാതെ ,
വിവിധ കായികമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യവും സാമൂഹിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഉത്തരവാദിത്തമുള്ള യുവജനതയെ വാർത്തെടുക്കുക എന്നതാണ് രാജഗിരി അമല സി.എം.ഐ. പബ്ലിക് സ്കൂളിന്റെ ലക്ഷ്യം,’ എന്ന് പ്രിൻസിപ്പൽ റവ. ഡോ. ആഞ്ചലോ ചക്കനാട്ട് പറഞ്ഞു.
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി , ‘ലഹരിവിമുക്ത സമൂഹം ‘എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് ശക്തമായി എത്തിക്കുന്നതിൽ ശ്രദ്ധേയമായി.
