രൂപയുടെ മൂല്യത്തകർച്ച ഗൾഫ് മലയാളികൾ നാട്ടിലെടുക്കുന്ന ഇൻഷുറൻസിനെയും ബാധിക്കും: അതുൽ കതുരിയ

കൊച്ചി: രൂപയുടെ മൂല്യത്തകർച്ച യു.എ.ഇ പ്രവാസികൾ നാട്ടിലെടുക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളുടെ യഥാർത്ഥ മൂല്യം കുത്തനെ ഇടിയാൻ കാരണമാകുമെന്ന് പോളിസി ബസാർ ലൈഫ് ഇൻഷുറൻസ് ബിസിനസ് ഹെഡ്ഡും ഇൻഷുറൻസ് വിദഗ്ധനുമായ അതുൽ കതുരിയ. മറ്റ് കറൻസികൾക്കെതിരെ രൂപയുടെ മൂല്യം നിരന്തരം ഇടിയുന്നതാണ് ഗൾഫ് പ്രവാസികളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് തിരിച്ചടിയാകുന്നത്. ഒൻപത് ലക്ഷത്തിലധികം മലയാളികളാണ് നിലവിൽ യു.എ.ഇ-യിൽ ജോലി ചെയ്യുന്നത്.

​നാട്ടിലെടുക്കുന്ന ഒരു കോടി രൂപയുടെ ടേം പ്ലാനിന് ഇന്നത്തെ നിരക്കിൽ കേവലം 3,90,000 ദിർഹം മാത്രമാണ് മൂല്യം ലഭിക്കുന്നത്. 2000-ൽ 45 രൂപയുണ്ടായിരുന്ന യു.എസ് ഡോളർ നിരക്ക് 2026-ൽ 92 രൂപയായി വർധിച്ചിരിക്കുകയാണ്. എന്നാൽ 1997 മുതൽ യു.എ.ഇ ദിർഹം ഡോളറുമായി 3.67 എന്ന നിരക്കിൽ സ്ഥിരപ്പെടുത്തിയിരിക്കുന്നതിനാൽ ദിർഹത്തിന് സമാനമായ മൂല്യത്തകർച്ച നേരിടേണ്ടി വന്നിട്ടില്ല.

​യു.എ.ഇ-യിൽ വാടക, കാർ ലോൺ, വിദ്യാഭ്യാസ ചിലവുകൾ തുടങ്ങിയവയെല്ലാം ദിർഹത്തിൽ നൽകേണ്ടി വരുമ്പോൾ, ഭാവിയിൽ രൂപയിലുള്ള ഇൻഷുറൻസ് പേഔട്ട് അപര്യാപ്തമാകും. യു.എ.ഇ-യിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന പ്രവാസികൾക്ക് ദിർഹത്തിൽ തന്നെയുള്ള പോളിസികൾ എടുക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എ.ഇ അധിഷ്ഠിത പ്ലാനുകൾക്ക് പ്രീമിയത്തിൽ 30% വർധനവുണ്ടെങ്കിലും പോളിസി കാലാവധി അവസാനിക്കുമ്പോൾ രൂപയിലുള്ള പ്ലാനുകളേക്കാൾ 57% കൂടുതൽ യഥാർത്ഥ കവറേജ് ലഭിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇത്തരം പോളിസികൾക്കുള്ള പ്രീമിയം എൻ.ആർ.ഇ , എൻ.ആർ.ഒ അക്കൗണ്ടുകളുടെ നൂലാമാലകളില്ലാതെ യു.എ.ഇ-യിലെ സാലറി അക്കൗണ്ടിൽ നിന്ന് നേരിട്ട് അടക്കാനാകുമെന്ന നേട്ടവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *