തൃശ്ശൂർ: കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല നിലവിൽ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഭൂമിക റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ ആശ്രയിക്കുന്നതും സർക്കാരിന് വലിയ തോതിൽ വരുമാനം നൽകുന്നതുമായ മേഖലയാണിത്. എന്നാൽ, നിലവിലെ അശാസ്ത്രീയമായ ഫെയർ വാല്യു നിർണയം ഈ രംഗത്തെ പൂർണ്ണമായി തകർക്കുന്നതാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത്, കോർപ്പറേഷൻ പരിധിയിലെ പ്രധാന റോഡുകളിലെ അതേ ഫെയർ വാല്യു തന്നെയാണ് ചില ഇടറോഡുകൾക്കും നിശ്ചയിച്ചിരിക്കുന്നത്. ഇത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. കുറഞ്ഞ ചെലവിൽ നിർമിക്കുന്ന സാധാരണ വീടുകൾക്ക് പോലും ആഡംബര വീടുകളുടെ നിരക്കിൽ രജിസ്ട്രേഷൻ നടത്തേണ്ടി വരുന്നത് ജനങ്ങൾക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.
ബാങ്ക് ജപ്തി നടപടികളിൽപ്പെടുന്ന വീടുകളും സ്ഥലങ്ങളും കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ഉടമകൾ ശ്രമിക്കുമ്പോൾ, ഉയർന്ന ഫെയർ വാല്യു വില്ലനായി മാറുന്നു. ഉയർന്ന രജിസ്ട്രേഷൻ ഫീസും മുദ്രപത്രച്ചെലവും കാരണം ഇത്തരം വസ്തുക്കളുടെ വിൽപ്പന പോലും പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. അതിനാൽ, പുതുക്കിയ ഫെയർ വാല്യുവും അനുബന്ധ രജിസ്ട്രേഷൻ നിരക്കുകളും പുനഃപരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി സംവിധാനത്തിലെ അംഗത്വ ഫീസ് കുറച്ചു നൽകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകാൻ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
ഓൺലൈൻ പ്രസ് ക്ലബ്ബിൽനടന്ന വാർത്താസമ്മേളനത്തിൽ ഭൂമിക റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രസിഡന്റ് വി.എ. രഞ്ജിത്ത്, വൈസ് പ്രസിഡന്റുമാരായ ജിജോ നീലങ്കാവിൽ, ജോയിന്റ് സെക്രട്ടറി സി.കെ. കബീർ, ജില്ലാ കോ-ഓർഡിനേറ്റർ പി.എം. ശ്രീനിവാസൻ, ജില്ലാ ട്രഷറർ പ്രഭാത് എന്നിവർ പങ്കെടുത്തു.
