വെങ്ങാനൂർ: വെങ്ങാനൂർ ജനക്ഷേമ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ ശ്രീ നീലകേശി ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും സാഹിത്യ പ്രതിഭയായ കവയിത്രി വീണദേവിയെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
ചടങ്ങ് അഡ്വ. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കവയിത്രി വീണദേവിയെ ചടങ്ങിൽ ആദരിച്ചു. വെങ്ങാനൂർ വാർഡ് കൗൺസിലർ ലതിക കുമാരി, അഷ്ടപാലൻ, കായൽ ഫോട്ടോഗ്രാഫർ സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
വെങ്ങാനൂർ ജനക്ഷേമ സംഘം പ്രസിഡന്റ് സമ്പത്ത് വെങ്ങാനൂർ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഇനിയും കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പഠനോപകരണ വിതരണം വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രചോദനമായി മാറി.



