ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി. നാലു നിയമവിദ്യാർത്ഥികളാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. എംഎൻഎൽയു, മുംബൈ, ജിഎൽസി, എൻഐആർഎംഎ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നുള്ള ശിവാംഗി അഗർവാൾ, സത്യജീത് സിദ്ധാർഥ് സാൽവെ, വേദാന്ത് ഗൗരവ് അഗർവാൾ, ഖുഷി സന്ദീപ് ബാംഗി എന്നീ വിദ്യാർത്ഥികളാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
മതപരമായ ചടങ്ങ് ആഘോഷിക്കാൻ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. ജസ്റ്റിസുമാരായ ജിഎസ് കുൽക്കർണി, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പൊതുതാൽപര്യ ഹർജി ഇന്നു രാവിലെ 10.30ന് കോടതി പരിഗണിക്കും.