കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) സംസ്ഥാന പ്രസിഡൻ്റ് എന്ന് സ്വയം അവകാശപ്പെടുന്ന സജി പോത്തനും അദ്ദേഹത്തോടൊപ്പം നിലകൊള്ളുന്ന ചിലരും യാഥാർത്ഥ്യബോധമില്ലാതെ പൊട്ടൻ കിണറ്റിലെ തവളകളെപ്പോലെ പെരുമാറുകയാണെന്ന് എൻ.സി.പി യുവജന സംഘടനയായ എൻ.വൈ.സി സംസ്ഥാന കമ്മിറ്റി കടുത്ത ഭാഷയിൽ വിമർശിച്ചു.
സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സജി പോത്തനും അദ്ദേഹത്തിന്റെ മൂന്നു അനുയായികളും മാത്രമാണ് 2025 നവംബർ 2-ന് എൻ.സി.പിയിൽ ചേർന്നതെന്ന് എൻ.വൈ.സി വ്യക്തമാക്കി. നൂറുകണക്കിന് പ്രവർത്തകരുമായി ലയിക്കാമെന്ന് വാഗ്ദാനം ചെയ്ത് പാർട്ടി നേതൃത്വത്തെയും പ്രവർത്തകരെയും തെറ്റിദ്ധരിപ്പിച്ചതും പിന്നീട് കോട്ടയത്ത് നടന്ന ലയനസമ്മേളനത്തിൽ അത് പൊളിഞ്ഞതുമാണ് യാഥാർത്ഥ്യമെന്ന് പ്രസ്താവനയിൽ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് അന്നത്തെ സംസ്ഥാന പ്രസിഡൻ്റായ എൻ. എ. മുഹമ്മദ് കുട്ടി രാജിവെച്ച ഒഴിവിലേക്ക് 2026 മാർച്ച് 16-ന് ദേശീയ വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ ഔദ്യോഗികമായി കെ. എ. ജബ്ബാറിനെ നിയമിച്ചതാണ് എന്നും എൻ.വൈ.സി ഓർമ്മിപ്പിച്ചു.
ഇതിനിടെ, സംസ്ഥാന പ്രസിഡൻ്റ് പദവി സ്വയം പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സജി പോത്തന് ദേശീയ കമ്മിറ്റിയുടെ ഔദ്യോഗിക നിയമന കത്ത് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു. എൻ.ഡി.എ മുന്നണിയിൽ ചേരാൻ നൽകിയ അപേക്ഷയ്ക്ക് ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുണ്ടോയെന്നും എൻ.വൈ.സി ചോദിക്കുന്നു. പാർട്ടിയുടെ നയപരമായ തീരുമാനങ്ങൾ ചില വ്യക്തികളുടെ സ്വകാര്യ തീരുമാനങ്ങളാക്കി ചുരുക്കുന്നത് അത്യന്തം അപലപനീയമാണെന്നും അഭിപ്രായപ്പെട്ടു.
ദേശീയ പ്രസിഡൻ്റായ സുനേത്ര പവാറിനെ തെറ്റിദ്ധരിപ്പിച്ച് പദവി സ്വന്തമാക്കാൻ ശ്രമിച്ചുവെന്ന ആരോപണവും എൻ.വൈ.സി ഉന്നയിച്ചു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടതും പൊതുജനങ്ങൾക്കിടയിൽ ഇക്കൂട്ടർ പരിഹാസമായി മാറിയതുമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ദേശീയ കമ്മിറ്റിയുടെ അംഗീകാരമില്ലാതെ സംസ്ഥാന പ്രസിഡൻ്റും ജനറൽ സെക്രട്ടറിമാരുമെന്ന പേരിൽ നടത്തുന്ന അവകാശവാദങ്ങളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്ന് എൻ.വൈ.സി വ്യക്തമാക്കി. പാർട്ടി ദേശീയ പ്രസിഡൻ്റ് സുനേത്ര പവാർ മാർച്ച് 10-ന് ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച കത്തിനെ കുറിച്ച് പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളിൽ പ്രവർത്തകർ വഞ്ചിതരാകരുതെന്നും അവർ മുന്നറിയിപ്പ് നൽകി.
ശ്രീ.കെ. എ. ജബ്ബാറിനെ സംസ്ഥാന പ്രസിഡൻ്റായി നിയമിച്ചതും എലത്തൂരിൽ മത്സരിക്കാൻ ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം നൽകിയ ഔദ്യോഗിക കത്തും വ്യാജമാണെന്ന പ്രചാരണം നടത്തുന്നവർ തന്നെയാണ് യഥാർത്ഥത്തിൽ വ്യാജൻമാരെന്ന് എൻ.വൈ.സി കുറ്റപ്പെടുത്തി.
സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എൻ.വൈ.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
