ഗുരുവായൂർ: ഗുരുപവനപുരിയുടെ മണ്ണിൽ മതവർഗീയ വിഷം കലർത്താൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി. സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ പരാമർശങ്ങൾക്കുള്ള മറുപടിയായി ഗുരുവായൂരിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂർ ക്ഷേത്രത്തിൽ തീപ്പിടിത്തമുണ്ടായപ്പോൾ സമീപത്തെ ക്രിസ്ത്യൻ-മുസ്‌ലിം പള്ളികളിൽ കൂട്ടമണിയടിച്ചുകൊണ്ട് മതസൗഹാർദ്ദം കാത്ത മണ്ണാണ് ഗുരുവായൂരിന്റേതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഗുരുവായൂർ എന്നാൽ ഒരു തീർഥാടന കേന്ദ്രം മാത്രമല്ല, മതനിരപേക്ഷതയുടെ ഇടം കൂടിയാണ്. ഇത്തരം വർഗീയമായ സമീപനങ്ങൾ സ്വീകരിക്കുന്നതുകൊണ്ടാണ് ബി.ജെ.പിയെയും ആർ.എസ്.എസിനെയും കേരളം ഉൾക്കൊള്ളാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മതനിരപേക്ഷതയ്ക്ക് പ്രാധാന്യമുള്ള ഗുരുവായൂരിൽ ഇത്തരം പ്രസ്താവനകൾ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗുരുവായൂരിലെ മേൽപ്പാലം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ ഉള്ളതുകൊണ്ട് മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.കെ. രാജേശ്വരൻ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, മുൻ എം.പി.മാരായ പി.കെ. ബിജു, സി.എൻ. ജയദേവൻ, സ്ഥാനാർഥികളായ സി. രവീന്ദ്രനാഥ്, എൻ.കെ. അക്ബർ, ഗീതാ ഗോപി, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി. സുമേഷ്, പി.കെ. സെയ്താലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
ഗുരുവായൂർ മതനിരപേക്ഷതയുടെ മണ്ണ്;വർഗീയ വിഷം കലർത്താൻ അനുവദിക്കില്ല: മുഖ്യമന്ത്രി
