ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്ക്കിയുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കൂടിക്കാഴ്ച നടത്തി.ലുസൈൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെയും രാജ്യാന്തര തലത്തിലെയും സംഭവങ്ങൾ വിലയിരുത്തി. ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കുമെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ, യുക്രെയ്ൻ പ്രതിസന്ധി എന്നിവ ചർച്ച ചെയ്തു.യുക്രെയ്ൻ പ്രസിഡന്റ് ഖത്തറിനുള്ള പിന്തുണ അറിയിച്ചു. ഇറാന്റെ ആക്രമണത്തെ അപലപിച്ചു. മിഡിൽ ഈസ്റ്റിലും യുക്രെയ്നിലും സംഘർഷത്തിന്റെ വ്യാപനം തടയാനുള്ള അടിയന്തര നടപടികളുടെ ആവശ്യം രണ്ട് നേതാക്കളും ചൂണ്ടിക്കാട്ടി. സംഘർഷം തുടരുകയാണെങ്കിൽ മേഖല, രാജ്യാന്തര സുരക്ഷയ്ക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി. നയതന്ത്രപരമായി പ്രതിസന്ധി പരിഹരിക്കണമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ, സാങ്കേതിക, പ്രതിരോധ, ഊർജ്ജ മേഖലകളിലെ ബന്ധം ശക്തമാക്കാനുള്ള മാർഗങ്ങളും വിലയിരുത്തി. ഉഭയകക്ഷി ചർച്ചയിൽ പ്രാദേശിക -ആഗോള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും തുടരാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദ ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള വഴികളും ചർച്ചയായി. സാങ്കേതികവിദ്യ, സുരക്ഷ, പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും അവലോകനം ചെയ്തു.
സഹകരണം ശക്തിപ്പെടുത്തി അമീർ-സെലൻസ്ക്കി കൂടിക്കാഴ്ച; ഖത്തർ-യുക്രെയ്ൻ പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു
