ഖത്തർ; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം. ദോഹ: രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്നതിനിടെ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ മയ്യിത്ത് നമസ്ക്കാര ചടങ്ങുകളിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തു. ഞായറാഴ്ച മഗ്രിബ് നമസ്കാരത്തിന് ശേഷം ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിലാണ് നമസ്കാരം നടന്നത്. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സൈനികരെ ഖബറടക്കി. ഖബറടക്ക ചടങ്ങുകളിലും അമീർ പങ്കെടുത്തു. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനം അറിയിച്ചു. അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുള്ള ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി , ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.ശുറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗനീം, ഒട്ടേറെ ഷെയ്ഖുമാർ, മന്ത്രിമാർ, ഖത്തറിലെ തുർക്കി അംബാസഡർ ഡോ. മുസ്തഫ ഗോക്സു, ഖത്തർ സായുധ സേനയിലെയും ഖത്തർ-തുർക്കി സംയുക്ത സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരും അംഗങ്ങളും, കൂടാതെ നിരവധി പൗരന്മാരും പ്രവാസികളും ചടങ്ങിൽ പങ്കെടുത്തു.ഞായറാഴ്ച രാവിലെയാണ് കൃത്യനിർവഹണത്തിനിടെ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് സൈനിക ഹെലികോപ്ടർ കടലിൽ തകർന്ന് വീണ് ഖത്തർ സായുധ സേനയിലെ 4 സൈനികരും ഖത്തർ-തുർക്കി സംയുക്ത സേനയിലെ ഒരു സൈനികനും രണ്ട് തുർക്കിഷ് പൗരന്മാരും കൊല്ലപ്പെട്ടത്.ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗം നടത്തിയ തിരച്ചിലിൽ ആണ് 7 മൃതദേഹങ്ങളും കണ്ടെടുത്തത്. കൊല്ലപ്പെട്ട സൈനികരുടെയും യാത്രക്കാരുടെയും കുടുംബങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. ഖത്തർ സായുധ സേനയിലെ അംഗങ്ങളായ ക്യാപ്റ്റൻ (പൈലറ്റ്) മുബാറക് സാലിം ദവായി അൽ മാരി, സർജന്റ് ഫഹദ് ഹാദി ഗാനിം അൽ ഖയാറിൻ, കോർപ്പറൽ മുഹമ്മദ് മഹർ മുഹമ്മദ്, ഖത്തർ -തുർക്കി ജോയിന്റ് സേനയിലെ മേജർ (എയർ ഡിഫൻസ്) സിനാൻ തസ്തേകിൻ, തുർക്കിഷ് സിവിലിയൻ സഹകാരികളും യാത്രക്കാരുമായ സുലൈമാൻ സിമ്ര കഹ്റമാൻ, ഇസ്മയിൽ അനസ് കാൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് 6 പേർ..
ഖത്തറിൽ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് യാത്രാമൊഴിയേകി
